- നേതാജിയുടെ ജന്മദിനം ആർ.എസ്.എസിന്റെ അധരവ്യായാമത്തിന് വേദിയാക്കരുതെന്ന മുന്നറിയിപ്പുമായി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഹാഫ്. ആർ.എസ്.എസ് നേതാജിയുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയാൽ ഇന്ത്യക്ക് നല്ലതാണെന്നും തിരിച്ചായാൽ അപകടമെന്നും സന്ധി ചെയ്യാനാവില്ലെന്നും നേതാജിയുടെ മകൾ.
കൊൽക്കത്ത - ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരേതിഹാസം പകർന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെ കാവിവത്കരിക്കാനുള്ള ആർ.എസ്.എസ് നീക്കങ്ങൾക്ക് പ്രഹരവുമായി നേതാജിയുടെ മകൾ അനിതാ ബോസ് ഹാഫ് രംഗത്ത്. സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൂറ്റൻ റാലിയോടെ ഈമാസം 23ന് കൊൽക്കത്തയിൽ ആഘോഷിക്കാൻ ആർ.എസ്.എസ് പദ്ധതി തയ്യാറാക്കിയതിന് പിന്നാലെയാണ് മകൾ നിലപാട് വ്യക്തമാക്കിയത്.
നേതാജി സുഭാഷ് ചന്ദ്രബോസ് ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ വിമർശിച്ചിരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ജന്മദിനാഘോഷം ആർ.എസ്.എസ് അധരവ്യായാമത്തിന് വേദിയാക്കരുതെന്നും മകൾ അനിതാ ബോസ് ഫാഫ് പറഞ്ഞു.
'എന്റെ അച്ഛൻ ഒരു ഹിന്ദുവായിരുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും എല്ലാവർക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയായിരുന്നു അച്ഛൻ. ആർ.എസ്.എസ് ഇതിൽ വിശ്വസിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ആർ.എസ്.എസ് നേതാജിയുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയാൽ ഇന്ത്യക്ക് അത് ഗുണം ചെയ്യും. നേതാജി മതേതരത്വത്തിൽ വിശ്വസിച്ചിരുന്നു. ആർ.എസ്.എസ് അതിനനുസരിച്ചാണ് ജീവിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. ആർ.എസ്.എസ് ഹിന്ദു ദേശീയ ആശയങ്ങൾ ഉയർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നേതാജിയുടെ പ്രത്യയശാസ്ത്രവുമായി ഒരിക്കലും പൊരുത്തപ്പെടില്ല. നേതാജിയെ അതിനായി ഉപയോഗിച്ചാൽ ഞാൻ പ്രോത്സാഹിപ്പിക്കില്ല. ആർ.എസ്.എസ് നേതാജിയോട് വാക്കുകൾ കൊണ്ട് മാത്രം നീതി പുലർത്തില്ലെന്ന് ഞാൻ കരുതുന്നു. അവർ അദ്ദേഹത്തിന്റെ 126-ാം ജന്മദിനം ആഘോഷിക്കുന്നതിനെ ബഹുമാനിക്കുന്നു. നാടിന്റെ നേട്ടങ്ങൾക്കായി, നേതാജിയുടെ സിദ്ധാന്തങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ അത് കുടുസ്സായ, അസഹിഷ്ണുതയ്ക്ക് ഉപയോഗിച്ചാൽ അതോട് സന്ധി ചെയ്യാനാവില്ലെന്നും അനിത ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എന്നാൽ, നേതാജി രാഷ്ട്രീയ സ്വയം സേവക് സംഘത്തെ വിമർശിച്ചതിന് തെളിവില്ലെന്നാണ് ആർ.എസ്.എസ് നേതാവായ അജയ് നന്ദി ഇതോട് പ്രതികരിച്ചത്. ആർക്കും എന്തും പറയാം, എഴുതാം. എന്നാൽ സുഭാഷ് ചന്ദ്ര ബോസിന് ആർ.എസ്.എസിനെ ഇഷ്ടമല്ലായിരുന്നു എന്നതിന് തെളിവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.