- അടുത്ത ലേബർ നേതാവായി മത്സരിക്കാൻ ശ്രമിക്കില്ലെന്ന് ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ
വെല്ലിങ്ടൺ - വെല്ലിങ്ടൺ - ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജി പഖ്യാപിച്ചു. അടുത്ത മാസം രാജി സമർപ്പിക്കും. ഫെബ്രുവരി ഏഴിന് ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയും. ഒക്ടോബർ 14ന് ന്യൂസിലാൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ജസീന്തയുടെ രാജിപ്രഖ്യാപനം.
'എനിക്ക് സമയമായി' എന്നാണ് ജസീന്ത ലേബർ പാർട്ടി അംഗങ്ങളോട് പറഞ്ഞത്. അടുത്ത ഒരു തെരഞ്ഞെടുപ്പിൽ കൂടി പാർട്ടിയെ നയിക്കാനുള്ള ഊർജമില്ല. 2022ന്റ അവസാനത്തോടെ തന്നെ പദവിയിൽ തുടരണോയെന്നത് താൻ ആലോചിച്ചിരുന്നതായി ജസീന്ത പറഞ്ഞു. ഭാവി പരിപാടിയെ കുറിച്ച് വേനൽക്കാല അവധിക്ക് ശേഷം തീരുമാനിക്കും. രാജ്യത്തെ നയിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. അതോടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് താൻ കരുതുന്നുവെന്നും അടുത്ത ലേബർ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടക്കുമെന്നും അവർ വ്യക്തമാക്കി.
ഒക്ടോബർ 14ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 7ന് ശേഷം ആർഡേണിന്റെ കാലാവധി അവസാനിക്കും. 2017-ൽ 37-ാം വയസിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ ലോകത്തിലെ പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായിരുന്നു ജസീന്ത. അധികാരത്തിലുള്ളപ്പോൾ തന്നെ അവർ ഒരു കുഞ്ഞിന് ജന്മം നൽകി. ജസീന്തയുടെ നേതൃത്വത്തിലാണ് ന്യൂസിലാൻഡ് കോവിഡ് മഹാമാരിയെ നേരിട്ടത്. ക്രിസ്റ്റ് ചർച്ച് ഭീകരാക്രമണവും അഗ്‌നിപർവത സ്‌ഫോടനം പോലുള്ളവയെ ന്യൂസിലാൻഡ് നേരിട്ടതും അവരുടെ ഭരണകാലത്താണ്.
അതിനിടെ, അടുത്ത ലേബർ നേതാവായി മത്സരിക്കാൻ ശ്രമിക്കില്ലെന്ന് ധനമന്ത്രി കൂടിയായ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബർട്ട്‌സൺ പ്രസ്താവനയിൽ അറിയിച്ചു.