'മെറിറ്റ് ആണ് പ്രധാനം ജാതിയല്ല' എന്ന സംവരണത്തിനെതിരായ അരാഷ്ട്രീയസവര്‍ണ്ണരുടെ കരച്ചില്‍ സ്ഥിരമാണല്ലോ. മെറിറ്റ് എന്നാല്‍ ചരിത്രപരമായ അനീതികൂടി ചേര്‍ന്ന സോഷ്യല്‍ കണ്‍സ്ട്രക്ട് ആണെന്ന സത്യം ഇവര്‍ക്ക് രണ്ടുജന്മം കഴിഞ്ഞാലും മനസ്സിലാവില്ല എന്നത് തല്‍ക്കാലം മാറ്റിവച്ചാലും, ഒരു കാര്യം ശ്രദ്ധിക്കണം.
ഇതേ സവര്‍ണ്ണവാദികള്‍ ജാതിയില്‍ താഴെയുള്ള ആളുകള്‍ സമ്പൂര്‍ണമായും മെറിറ്റുമായി കടന്നു വരുമ്പോള്‍ സൗകര്യപൂര്‍വ്വം ഈ പ്ലേറ്റ് തിരിച്ചുവെയ്ക്കും. മെറിറ്റ് നോക്കിയാല്‍ തങ്ങള്‍ക്ക് ആധിപത്യത്തിന് രക്ഷയില്ലെന്ന് വരുമ്പോള്‍ ജാതിയെടുക്കും. മെറിറ്റുള്ള ആളുടെ തൊലിയുടെ നിറമെടുക്കും. സവര്‍ണ്ണ കലകളിലെ ജാതിബോധം വിഷമായി ചീറ്റും. സ്വന്തം കഴിവുകൊണ്ടും അക്കാദമിക മികവുകൊണ്ടും മാത്രം ശക്തമായ ഒഴുക്കിനെതിരെ നീന്തി മോഹിനിയാട്ട ലോകത്ത് സ്വന്തം പേരുറപ്പിച്ച ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതിവിഷവും സവര്‍ണ്ണബോധവും ചീറ്റുന്ന സത്യഭാമയെന്ന ഒരു സ്ത്രീയുടെ വീഡിയോ പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഞാനായിട്ടത് ഷെയര്‍ ചെയ്യില്ല.
MA മോഹിനിയാട്ടത്തില്‍ MG യൂണിവേഴ്‌സിറ്റയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായതിനുശേഷം കലാമണ്ഡലത്തില്‍ നിന്ന് ടോപ്പ്‌സ്‌കോറര്‍ ആയി Mphil, PhD യും നേടിയ ഡോ. രാമകൃഷ്ണനേ നിറത്തിന്റെയും രൂപത്തിന്റെയും സൂചനകള്‍ വഴി ജാതിപരമായി അധിക്ഷേപിക്കുകയാണ് ഒരുളുപ്പുമില്ലാതെ സത്യഭാമ. ഇവരൊക്കെ ഇത്രയും കാലം കല അഭ്യസിച്ചിട്ട് എന്ത് മനുഷ്യത്വമാണ് ഇവരില്‍ വളര്‍ന്നത് !!! മനുഷ്യരെ ജനിച്ച നിറത്തിന്റെയോ രൂപത്തിന്റെയോ അടിസ്ഥാനത്തില്‍ ഇകഴ്ത്താനാണെങ്കില്‍ എന്തിനാണ് ഇവരൊക്കെ ഇനിയീ കല അഭ്യസിപ്പിക്കുന്നത്!! ഇമ്മാതിരി നിലവാരമില്ലാത്ത, മനുഷ്യത്വമില്ലാത്ത വര്‍ത്തമാനം പറയാന്‍ അവര്‍ക്ക് കരുത്തേകുന്നത് അത് കേട്ട് തലകുലുക്കുന്നവരുടെ മനസ്സിലെ സവര്‍ണ്ണജാതിബോധം കൊണ്ട് മാത്രമാണ്.
എന്ത് പഠിപ്പോ അറിവോ പാണ്ഡിത്യമോ ഉണ്ടായിട്ടും കാര്യമില്ല, ശബരിമല മേല്‍ശാന്തിയാവാന്‍ മലയാളബ്രാഹ്മണന്‍ തന്നെ വേണമെന്ന് ഭരണഘടനാ കോടതികള്‍ പോലും വിധിച്ചിട്ട്, മെറിറ്റ് അട്ടിമറിക്കപ്പെട്ടതായി കേരളാ പൊതുമണ്ഡലത്തില്‍ ഒരു വലിയ ചര്‍ച്ചയുണ്ടാവാത്തത് നമ്മുടെയൊക്കെ മനസില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള, നമുക്ക് തന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള സവര്‍ണ്ണ പ്രിവിലേജ് കൊണ്ടാണ്. 'മെറിറ്റില്‍ വന്നൊരു സവര്‍ണ്ണ'നാണ് റിസര്‍വേഷന്റെ പേരില്‍ സ്ഥാനം പോയതെങ്കില്‍ എന്തായിരുന്നേനെ ഇവിടത്തെ മാദ്ധ്യമചര്‍ച്ചാ പുകില്‍ !!
സത്യഭാമമാരാണ് പലയിടങ്ങളിലും സെലക്ഷന്‍ സമിതികളില്‍. ചരിത്രപരമായ അവഗണനകളോട് ഒറ്റയ്ക്ക് പൊരുതി രാമകൃഷ്ണന്‍മാര്‍ ഉണ്ടായിവരുന്നേയുള്ളൂ. കലയുടെ ലോകത്തുള്ള എല്ലാ അക്കാദമിക മികവുകളും ഒന്നാംറാങ്കില്‍ നേടി ഒരാള്‍ മെറിറ്റില്‍ വന്നാലും ഇത്തരക്കാര്‍ ജാതിവിദ്വേഷ സൂചനകളുമായി വരും. അവസരങ്ങള്‍ നിഷേധിക്കും. അതാണ് ജാതിപ്രിവിലേജ്. റിസര്‍വേഷന്‍ ഇല്ലെങ്കില്‍ രാമകൃഷ്ണന്‍മാര്‍ക്ക് സത്യഭാമമാര്‍ അപ്രഖ്യാപിത ഭ്രഷ്ട് കല്‍പ്പിക്കും. തോന്നുമ്പോള്‍ മാറ്റി മാറ്റി പറയാവുന്നതാണ് ഇവര്‍ക്കീ 'മെറിറ്റ് വാദം.'. രാമകൃഷ്ണന്മാര്‍ അക്കാദമികമായി ഒന്നാമനായാല്‍പ്പോലും കിട്ടാത്ത പരിഗണനയാണ് അത്രയൊന്നും അറിവില്ലെങ്കിലും
സത്യഭാമമാര്‍ക്ക് കിട്ടുക.