Sorry, you need to enable JavaScript to visit this website.

ഹറമില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ മര്യാദ പാലിക്കണമെന്ന് മന്ത്രാലയം

മക്ക- വിശുദ്ധ ഹറമില്‍ ഫോട്ടോകളെടുക്കുന്നവരും വീഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ പ്രാര്‍ഥനകള്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തണം. ഫോട്ടോകളെടുക്കാനും വീഡിയോ ചിത്രീകരിക്കാനും സമയം കളയരുത്. ഫോട്ടോകളും വീഡിയോകളുമെടുക്കുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാക്കി ഹറമില്‍ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. ഹറമിലെ സാന്നിധ്യം ആയുസ്സിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളാണ്. ഫോട്ടോകളെടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലും മുഴുകി ഈ സമയം പാഴാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരെ ഉണര്‍ത്തി.
തങ്ങളെയും മറ്റുള്ളവരെയും വൈറല്‍ രോഗങ്ങളില്‍ നിന്നും ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ ഉംറ കര്‍മത്തിനിടെ മാസ്‌കുകള്‍ ധരിക്കാന്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. തീര്‍ഥാടകര്‍ തിക്കുംതിരക്കും ഒഴിവാക്കുകയും പരോപകാരികളാവുകയും വേണം. യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, തീര്‍ഥാടകരുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിന്, വിശുദ്ധ കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ നമസ്‌കാരം നിര്‍വഹിക്കരുതെന്ന് പൊതുസുരക്ഷാ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. മതാഫിലെ നമസ്‌കാരം തീര്‍ഥാടകരുടെ നീക്കത്തിന് പ്രതിബന്ധം സൃഷ്ടിക്കും. ഹറമില്‍ വീല്‍ചെയറുകള്‍ ഉപയോഗിക്കുന്നവര്‍ വീല്‍ചെയറുകള്‍ക്ക് പ്രത്യേകം നിശ്ചയിച്ച ട്രാക്കുകള്‍ പാലിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Latest News