മോസ്‌കോ-റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. ഇവരെ താത്കാലിക യാത്രാരേഖ വഴി നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതേസമയം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സില്‍വ എന്നിവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങില്‍ നിന്ന് മൂന്നു യുവാക്കളാണ് റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി ഉക്രൈനുമായുള്ള യുദ്ധമുഖത്ത് കുടുങ്ങിയത്.
ഇന്ത്യന്‍ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നല്‍കി. ഇവര്‍ തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. പിന്നീട് ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ട്രെയിനിംഗിന് ശേഷം പ്രിന്‍സിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.
യുദ്ധഭൂമിയിലേക്ക് മനുഷ്യ കടത്തു നടത്തുന്ന വലിയൊരു മാഫിയ ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു. സമീപകാലത്തു ഇങ്ങനെ നിരവധി പേരെ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക