- ബസിന്റെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
കോഴിക്കോട് - കുറ്റിക്കാട്ടൂരിൽ മാവൂർ സ്വദേശിനിയായ യുവതി ബസിനടിയിൽ അകപ്പെടാൻ കാരണക്കാരായ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയോട് ശിപാർശ ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പറഞ്ഞു. ബസ് പിടിച്ചെടുത്തതായും ആർ.ടി.ഒ അറിയിച്ചു. കഴിഞ്ഞദിവസം ബസിലേക്ക് കയറാൻ ശ്രമിക്കവെ മാവൂർ സ്വദേശിനിയായ തസ്രീന ബസ്സിന്റെ അടിയിൽപെട്ട് അത്ഭുദകരമായി രക്ഷപ്പെടുകയായിരുന്നു.
വിദ്യാർത്ഥികളെ കയറ്റാതിരിക്കാനുള്ള ധൃതിയിൽ, യുവതി കയറും മുമ്പേ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. കൈയ്ക്കു പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ തസ്രീന പോലീസിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ബസ് അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനും മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു.
കണ്ണു കാണുന്നില്ലേ അധികൃതർക്ക്?!! വിദ്യാർത്ഥികൾ കയറാതിരിക്കാൻ ധൃതി, ബസിനടിയിലേക്ക് തെറിച്ചുവീണ യുവതിക്ക് അത്ഭുത രക്ഷ!
- അപകടമുണ്ടാക്കിയിട്ടും കൂസലില്ലാതെ വെല്ലുവിളിയെന്ന് നാട്ടുകാർ
കോഴിക്കോട് - വിദ്യാർത്ഥികൾ കയറും മുമ്പേ ടിക്കറ്റ് യാത്രക്കാരേ വലിച്ചുകയറ്റി നെട്ടോട്ടത്തിനിടയിൽ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് യാത്രക്കാരി. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ആളുകൾ കയറിക്കഴിയും മുമ്പേ ബസ് ധൃതിപിടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്.
കുറ്റിക്കാട്ടൂരിലെ സ്‌കൂളിൽ പി.ടി.എ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുന്ന കെ.എൽ 13എഎ0763 എന്ന എക്‌സ്‌പോഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. എന്നിട്ടും ബസ്സുകാർക്ക് യാതൊരു കൂസലുമില്ല, പരാതിയുള്ളവർ കേസ് കൊടുക്ക് എന്ന വെല്ലുവിളി സ്വരമാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു.
സ്ത്രീ കയറുന്നതിനു മുമ്പേ ബസ് എടുത്തതിനാൽ കൈ തെറ്റി മാവൂർ സ്വദേശിനിയായ തസ്രീന എന്ന യുവതി ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തുള്ള കുട്ടികളടക്കം നിലവിളിച്ചതോടെ ബസ് ബ്രേക്കിടുകയായിരുന്നു. പിൻചക്രം സ്ത്രീയുടെ ദേഹത്ത് തട്ടുന്നതിന് തൊട്ടുമുമ്പ് തന്നെ ബസ് നിന്നതാണ് തലനാരിഴയ്ക്ക് വലിയൊരു അപകടം ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസമാണ് സംഭവം. എന്നാൽ, പരാതി ലഭിക്കാത്തതിനാൽ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.
ബസിൽ കയറുന്നതിനിടെ താഴേയ്ക്ക് വീണ യുവതിയുടെ അത്ഭുത രക്ഷയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ മിക്ക ബസ്സുകളും ജീവനക്കാരും അതി ക്രൂരമായാണ് സമീപനം തുടരുന്നതെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒറ്റപ്പെട്ട ചില ബസ്സുകൾ മാത്രമേ വളരെ മാന്യമായും വിദ്യാർത്ഥികളെ അവർ അർഹിക്കുന്ന പരിഗണനയും നൽകി സർവീസ് നടത്തുന്നുള്ളൂവെന്ന് വിദ്യാർത്ഥികൾ പറയുന്നു.