- കത്‌വ കേസ് അട്ടിമറിക്കാൻ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയിൽ
ശ്രീനഗർ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ആവേശകരമായ പര്യവസാനത്തിലേക്ക് നീങ്ങവേ അപ്രതീക്ഷിത കല്ലുകടി. ജമ്മു കശ്മീർ കോൺഗ്രസ് വക്താവും കത്‌വ കേസിലൂടെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ പ്രശസ്ത അഭിഭാഷകയുമായ ദീപിക സിംഗ് രജാവത്ത് കോൺഗ്രസിൽനിന്ന് രാജിവെച്ചതാണ് രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിത്.
സംഘപരിവാർ കേന്ദ്രങ്ങളുടെ തിട്ടൂരങ്ങൾക്കു വേണ്ടി കത്‌വ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ മന്ത്രി ചൗധരി ലാൽ സിംഗിനെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നാടും നഗരവും ഇളക്കിമറിച്ചുള്ള യാത്ര ജമ്മു കശ്മീരിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ മഹാസംഗമത്തോടെ ചരിത്രമായി മാറാനിരിക്കെ, ദീപികയുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കത്‌വ കേസ് കോൺഗ്രസിനോ ഇരകളുടെ കുടുംബത്തിനോ രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർക്കോ ഒരിക്കലും മറക്കാനാവില്ല. 2018-ൽ ജമ്മുവിനടുത്ത കത്‌വയിലെ രസാന ഗ്രാമത്തിലെ ആസിഫയെന്ന എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണിത്. അഡ്വ. ദീപികയടക്കമുള്ളവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് നിയമവൃത്തങ്ങൾ കണ്ണുതുറന്ന് കുറ്റാരോപിതരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും വേണ്ടി ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശങ്ങളെയും ഭിന്നിപ്പിച്ചയാളാണ് ചൗധരി ലാൽ സിംഗ്. അത്തരത്തിൽ ഒരാളുമായി പാർട്ടി വേദി പങ്കിടാൻ ഒരുക്കമല്ലെന്നാണ് ദീപിക സിംഗ് രജാവത്ത് പറയുന്നത്. കേസിലെ പ്രതികളെ പിന്തുണച്ച് കശ്മീരിൽ നടത്തിയ റാലിയിലും ചൗധരി ലാൽ സിംഗ് പങ്കെടുത്തിരുന്നു. ഇത്തരമൊരാളെ ഒരു നിലയ്ക്കും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതിനോട് യോജിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൗധരി ലാൽ സിംഗ് യാത്രയിൽ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായത്. ഖൻപൂരിൽ നിന്നാണ് ഇയാൾ യാത്രയിൽ ചേരുകയത്രെ. ഇത് പാർട്ടിക്ക് തീരാ കളങ്കമാവുമെന്നും അഭിഭാഷകയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു.
കോൺഗ്രസ് നേതാവായിരുന്ന ചൗധരി ലാൽ സിംഗ് 2014-ൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബി.ജെ.പിയിലെത്തിയത്. രണ്ടു തവണ എം.പിയും മൂന്ന് തവണ എം.എൽ.എയുമായ അദ്ദേഹം കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സർക്കാരിൽ മന്ത്രിയുമായിരുന്നു. 2018-ൽ ഇയാൾ ബി.ജെ.പി വിട്ടെന്നു പറയുമ്പോഴും കത്‌വയിലെ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത ക്രിമിനലുകൾക്കു വേണ്ടി ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. എട്ട് വയസുകാരിയുടെ കുടുംബത്തിന് നീതിക്കുവേണ്ടി നിലയുറപ്പിച്ച ദീപിക സുപ്രീംകോടതിയിലെത്തി ഒറ്റയ്ക്ക് പോരാട്ടം ഏറ്റെടുത്തപ്പോൾ അതിനെ പരാജയപ്പെടുത്താൻ സകല അടവുകളും പുറത്തെടുത്ത ആളാണ് മുൻ മന്ത്രി കൂടിയായ ചൗധരി ലാൽ സിംഗ്. ക്രിമിനലുകളെ അറസ്റ്റ് ചെയ്തതോടെ പാന്തേർസ് പാർട്ടിയുടെയും സംഘപരിവാർ കേന്ദ്രങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ അതിനെതിരെ പ്രതിഷേധങ്ങളുമുണ്ടായി. ഈ പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബി.ജെ.പി മന്ത്രിമാരും പങ്കെടുത്തിരുന്നു. കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ചൗധരി ലാൽ സിംഗ് അടക്കമുള്ളവർ വൻ ഇടപെടലുകൾ നടത്തിയെങ്കിലും, ദീപിക സിംഗ് രജാവത്തിന്റെ പോരാട്ടത്തിന്റെ ഫലമെന്നോണം 2019 ജൂൺ പത്തിന് കത്‌വ ബലാത്സംഗ കേസിൽ ആറുപേരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയായിരുന്നു.
2022 സെപ്തംബര് ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ് ഭാരത് ജോഡോ യാത്ര ഈ മാസം 30ന് ശ്രീനഗറിലാണ് സമാപിക്കുന്നത്. രാജ്യത്തെ ബി.ജെ.പി വിരുദ്ധ ചേരിയിലെ 23 പാർട്ടികളെ കോൺഗ്രസ് സമാപനത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി അടക്കമുള്ളവർ യാത്രയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെയിൽ പാർട്ടിക്കകത്തും പുറത്തും നല്ല ഇമേജുള്ള പ്രഗത്ഭയായ ദീപിക സിംഗ് രജാവത്ത് പോലൊരാളുടെ രാജിക്ക് ഇടയാക്കിയ സാഹചര്യം എത്രയും വേഗത്തിൽ പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ദീപികയെ പോലുള്ള ഒരു പ്രവർത്തകയെ നഷ്ടപ്പെടുത്തി പാർട്ടിയിലേക്ക് കളങ്കിതരെ അടുപ്പിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.