മക്ക - മായം കലര്‍ത്തിയ ഇന്ധനം വില്‍പന നടത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാര്‍ അടക്കം നാലു പേര്‍ക്ക് മക്ക ക്രിമിനല്‍ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയില്‍ പ്രവര്‍ത്തിക്കുന്ന അല്‍സര്‍ഹ് പെട്രോള്‍ ബങ്ക് ഉടമയായ സൗദി പൗരന്‍ ശലീഹ് മുശൈലി ശലീഹ് അല്‍ഹുദ്ഹുദി, ബങ്ക് വാടകക്കെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന സൗദി പൗരന്‍ ഉസ്മാന്‍ അഹ്മദ് മുഹമ്മദ് അല്‍അംരി, ബങ്കിലെ ജീവനക്കാരും ഇന്ത്യക്കാരുമായ ഫിറോസ് മുഹമ്മദ് അലി കപ്പുങ്ങല്‍, മുഹമ്മദ് ശാകിര്‍ അഹ്മദ് കായോത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പെട്രോള്‍ ബങ്ക് പതിനഞ്ചു ദിവസത്തേക്ക് അടപ്പിക്കാനും കോടതി ഉത്തരവിട്ടു.
മായംചേര്‍ത്ത ഇന്ധനം നിറച്ചുതു മൂലം കേടായ വാഹനങ്ങള്‍ നിയമ ലംഘകരുടെ ചെലവില്‍ റിപ്പയര്‍ ചെയ്ത് നല്‍കണമെന്നും കോടതി വിധിയുണ്ട്. സൗദി പൗരന്മാരുടെയും ഇന്ത്യക്കാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ രണ്ടു പത്രങ്ങളില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ടോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.