കോട്ടയം - പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി വായുവിൽ ഉയർന്ന് കറങ്ങി താഴെ വീണിട്ടും കാർ നിർത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഓടിക്കൂടിയവരാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപ്പാസിലാണ് അപകടമുണ്ടായത്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ ഇതുവരെയും പോലീസിനായിട്ടില്ല. മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ച് കാർ ഡ്രൈവർ തിരിഞ്ഞുനോക്കാതെ കടുന്നുകളയുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള അന്വേഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.
കണ്ണു കാണുന്നില്ലേ അധികൃതർക്ക്?!! വിദ്യാർത്ഥികൾ കയറാതിരിക്കാൻ ധൃതി, ബസിനടിയിലേക്ക് തെറിച്ചുവീണ യുവതിക്ക് അത്ഭുത രക്ഷ!
- അപകടമുണ്ടാക്കിയിട്ടും കൂസലില്ലാതെ വെല്ലുവിളിയെന്ന് നാട്ടുകാർ
കോഴിക്കോട് - വിദ്യാർത്ഥികൾ കയറും മുമ്പേ ടിക്കറ്റ് യാത്രക്കാരേ വലിച്ചുകയറ്റി നെട്ടോട്ടത്തിനിടയിൽ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് യാത്രക്കാരി. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ആളുകൾ കയറിക്കഴിയും മുമ്പേ ബസ് ധൃതിപിടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്.
കുറ്റിക്കാട്ടൂരിലെ സ്‌കൂളിൽ പി.ടി.എ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുന്ന കെ.എൽ 13എഎ0763 എന്ന എക്‌സ്‌പോഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. എന്നിട്ടും ബസ്സുകാർക്ക് യാതൊരു കൂസലുമില്ല, പരാതിയുള്ളവർ കേസ് കൊടുക്ക് എന്ന വെല്ലുവിളി സ്വരമാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു.
സ്ത്രീ കയറുന്നതിനു മുമ്പേ ബസ് എടുത്തതിനാൽ കൈ തെറ്റി യുവതി ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തുള്ള കുട്ടികളടക്കം നിലവിളിച്ചതോടെ ബസ് ബ്രേക്കിടുകയായിരുന്നു. പിൻചക്രം സ്ത്രീയുടെ ദേഹത്ത് തട്ടുന്നതിന് തൊട്ടുമുമ്പ് തന്നെ ബസ് നിന്നതാണ് തലനാരിഴയ്ക്ക് വലിയൊരു അപകടം ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസമാണ് സംഭവം. എന്നാൽ, പരാതി ലഭിക്കാത്തതിനാൽ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.
ബസിൽ കയറുന്നതിനിടെ താഴേയ്ക്ക് വീണ യുവതിയുടെ അത്ഭുത രക്ഷയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ മിക്ക ബസ്സുകളും ജീവനക്കാരും അതി ക്രൂരമായാണ് സമീപനം തുടരുന്നതെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒറ്റപ്പെട്ട ചില ബസ്സുകൾ മാത്രമേ വളരെ മാന്യമായും വിദ്യാർത്ഥികളെ അവർ അർഹിക്കുന്ന പരിഗണനയും നൽകി സർവീസ് നടത്തുന്നുള്ളൂവെന്ന് വിദ്യാർത്ഥികൾ പറയുന്നു.