Sorry, you need to enable JavaScript to visit this website.

അറബി സംസാരിച്ച് മഞ്ജു വാര്യർ; ആയിഷ 20ന് തിയേറ്ററുകളിൽ

- ഒരു ഇറാനിയൻ സിനിമയുടെ ഫീലെന്ന് മഞ്ജു വാര്യർ

പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായുള്ള ആദ്യ ഇന്തോ-അറബിക് ചിത്രമായ 'ആയിഷയുടെ' അറബിക് ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുഗ്, കന്നട എന്നിങ്ങനെ ഏഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഈമാസം 20ന് ചിത്രം തിയേറ്ററുകളിലെത്തും.
 'ആയിഷയിലെ എൻപത് ശതമാനവും മലയാളികൾ അല്ല. മലയാളം സംസാരിക്കുന്നവർ സിനിമയിൽ കുറവാണെന്നും ഒരു ഇറാനിയൻ സിനിമയുടെ ഫീലുണ്ടെന്നും' ചിത്രത്തിനായി അറബി ഭാഷ പ്രത്യേകം പഠിച്ച നടി മഞ്ജു വാര്യർ പറഞ്ഞു. 
 നവാഗതനായ ആമീർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തത്. റാസൽ ഖൈമയിലാണ് 'ആയിഷ' സിനിമയുടെ ചിത്രീകരണം നടന്നത്. പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് കൊട്ടാരത്തിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ നൃത്ത സംവിധാനം നിർവഹിച്ചത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും 'ആയിഷ' എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്‌ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്‌ലാ (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 
 ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സകരിയയാണ് ആയിഷ നിർമ്മിച്ചത്. ശംസുദ്ധീൻ മങ്കരത്തൊടി, സകരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. ബി.കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് പാടുന്നത്. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ.

Latest News