വാഗ / കോഴിക്കോട് - മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ എവിടെയാണ്. വിസ പ്രശ്‌നത്താൽ ഇന്ത്യാ-പാക് അതിർത്തിയായ വാഗയിൽ തടഞ്ഞുവെക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ശിഹാബിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. അതിനിടയ്ക്ക് ഒരു പാക് പൗരൻ ശിഹാബിനായി പാകിസ്താൻ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു.
ഈ ഹരജിക്കാരനെ അറിയില്ലെന്നും താൻ അങ്ങനെ ഒരാളെ ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ലെന്നും ശിഹാബ് പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. എന്നാൽ ശിഹാബ് ഇപ്പോഴും വാഗ അതിർത്തിയിലുണ്ടോ? അതോ മറ്റു മാർഗങ്ങൾ വഴി യാത്ര പുനരാംരഭിച്ചോ എന്നതിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ യാത്രാവിവരങ്ങൾ കൃത്യമായി അറിയിച്ചിരുന്ന യൂറ്റിയൂബ്, ഫേസ് ബുക്ക് ലൈവ് സംവിധാനങ്ങളും ഇതേക്കുറിച്ച് മിണ്ടുന്നില്ല.
ലൈവ് അപ്‌ഡേഷനുകളില്ലാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾ നിറയെ ശിഹാബ് വീണ്ടും ഇടം പിടിക്കുകയാണ്. യാത്രാ തടസ്സങ്ങൾ നീങ്ങി എത്രയും വേഗത്തിൽ ശിഹാബിന് യാത്ര പുനരാംഭിക്കാനും ഹജ്ജ് നിർവഹിക്കാനും സാധിക്കട്ടെ എന്നാണ് പ്രാർത്ഥനകൾ. നാലുമാസത്തോളമായി പഞ്ചാബിലെ ഇന്ത്യാ-പാക് അതിർത്തിയായ വാഗയിലെ വാഖിയാ സ്‌കൂളിന്റെ മുകളിൽ കഴിഞ്ഞ ശിഹാബ് കുറച്ചുദിവസമായി അവിടെയില്ലെന്നും പ്രചാരണമുണ്ട്. എന്നാൽ സത്യം എന്താണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ, അപ്‌ഡേറ്റുകൾ പുറത്തുവിടരുതെന്ന് നിർദേശമുണ്ടെന്നും അതിനാൽ സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നുമാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആദ്യകാലത്ത് കാൽനടയായും പിന്നീട് കപ്പലിലും ഇപ്പോൾ വിമാനത്തിലുമുള്ള ഹജ്ജ യാത്രയിൽ ശിഹാബിന്റെ യാത്ര പല നിലയ്ക്കും വാർത്താമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. മണിക്കൂറുകൾ കൊണ്ട് വിശുദ്ധഭൂമിയിൽ എത്താമെന്നിരിക്കെ അത്യാധുനിക സംവിധാനങ്ങൾ ഉപേക്ഷിച്ച് പഴയകാലത്തെ പോലെ സാഹസികമായുള്ള ഈ 30-കാരന്റെ നടന്നുള്ള ഹജ്ജ യാത്ര തുടക്കം മുതലേ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതിനെ പിന്തുണച്ചും ഒറ്റപ്പെട്ട ചില കോണുകളിൽനിന്ന് അപക്വമായും ഇതിനെ വിലയിരുത്തുകയുണ്ടായി.
വളാഞ്ചേരിക്കടുത്തുള്ള ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽനിന്ന് 2022 ജൂൺ രണ്ടിന് സുബ്ഹ് നമസ്‌കരിച്ച് ഇറങ്ങിയതാണ് ശിഹാബ്. ചരിത്രസ്മൃതികൾ തേടി വിശുദ്ധ മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുകയാണ് ലക്ഷ്യം. 2023ലെ ഹജ്ജിന്റെ ഭാഗമാകാൻ 8,640 കിലോമീറ്റർ ദൂരമാണ് ഈ ചെറുപ്പക്കാരൻ താണ്ഡിക്കടക്കേണ്ടത്. 280 ദിവസം കൊണ്ട് യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടതെങ്കിലും 2022 സെപ്തംബർ ഏഴു മുതൽ വാഗ അതിർത്തിയിലുണ്ടായ യാത്രാ തടസ്സം വലിയ പ്രയാസമാണുണ്ടാക്കിയത്. എങ്കിലും പ്രതീക്ഷ കൈവിടാതെ തന്നെയാണ് ശിഹാബുള്ളത്. മക്കയിലേക്ക് കാൽനടയായി തന്നെ യാത്ര ചെയ്ത് തന്റെ തീവ്രമായ ആഗ്രഹം നിറവേറ്റാനാകുമെന്നാണ് ശിഹാബിന്റെ ഇപ്പോഴത്തെയും പ്രതീക്ഷ. നിലവിലെ തടസ്സങ്ങൾ മറികടന്ന് നിശ്ചിതസമയത്ത് അവിടെ എങ്ങനെ എത്തുമെന്നതിൽ മാത്രമാണ് നിവിലെ അദ്ദേഹത്തിന്റെ ഫോക്കസിംഗ് പോയിന്റ് എന്നറിയുന്നു.
വാഗാ അതിർത്തി കടന്ന് പാകിസ്താൻ വഴി ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബ്യയിൽ എത്തുംവിധമാണ് യാത്രാ ക്രമീകരണങ്ങൾ. ഇതിനായുള്ള വിസ കരസ്ഥമാക്കിയെങ്കിലും പാകിസ്താനിലെ തടസ്സം വഴിമാറിയോ അതോ മറ്റു വല്ല മാർഗങ്ങളും തെരഞ്ഞെടുത്തോ എന്നതിൽ മാത്രം ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.
വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബ് വിസ, യാത്രാ ഇൻഷൂറൻസുകൾ എല്ലാം റെഡിയാക്കിയാണ് വിശുദ്ധ ഭൂമിയിലേക്ക് യാത്ര തിരിച്ചത്. യാത്രയിൽ വിവിധ പള്ളികളിലും മറ്റുമായാണ് ഭക്ഷണവും താമസവും വിശ്രമവുമെല്ലാം. ആറ് രാജ്യങ്ങൾ കടന്ന് സൗദിയിൽ എത്തിയാൽ 2023ലെ ഹജ്ജിന് അപേക്ഷിക്കാനാണ് പദ്ധതി. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തിൽനിന്ന് ഒരാൾ കാൽനടയായി വീണ്ടും ഹജ്ജിന് പുറപ്പെട്ടത്.