ന്യൂദല്‍ഹി- യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്നും തെറ്റിദ്ധരിപ്പിച്ച് ദല്‍ഹിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ലീല പാലസ് ഹോട്ടലില്‍ നാല് മാസത്തോളം താമസിച്ച് 24 ലക്ഷത്തോളം രൂപയുടെ ബില്ലടക്കാതെ മുങ്ങിയ മുഹമ്മദ് ശരീഫ് എന്നയാളെ കണ്ടെത്താന്‍ ദല്‍ഹി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് ശരീഫ് ഹോട്ടലില്‍ താമസിച്ചതെന്ന് പോലീസ് പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് പല വിലപിടിപ്പുള്ള വസ്തുക്കള്‍ ഇയാള്‍ കവര്‍ന്നിട്ടുമുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
പ്രതി ഹോട്ടലിലെ 427ാം നമ്പര്‍ മുറിയിലാണ് താമസിച്ചത്. പരാതിയില്‍ പറയുന്നത് പ്രകാരം ശരീഫ് അടയ്ക്കാനുള്ള തുക 23.46 ലക്ഷമാണ്.
താന്‍ യുഎഇ സ്വദേശിയാണെന്നും അബുദാബി രാജകുടുംബാംഗമായ ശൈഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നതായും ഹോട്ടല്‍ ജീവനക്കാരെ വിശ്വസിപ്പിച്ചിരുന്നു. വ്യാജ ബിസിനസ് കാര്‍ഡും യുഎഇ റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും ഇയാള്‍ ഹാജരാക്കിയെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അബുദാബി ശൈഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഹോട്ടല്‍ സ്റ്റാഫിനോട് പറഞ്ഞിരുന്നു. യുഎഇലെ ജീവിതത്തെക്കുറിച്ചും രാജകുടുംബവുമായുള്ള ബന്ധവുമെല്ലാം വിശ്വാസ്യത നേടിയെടുക്കാന്‍ ജീവനക്കാരോട് പറയുമായിരുന്നു. ആകെ ബില്‍ 35 ലക്ഷത്തോളമാണ്. ഹോട്ടലില്‍ തുടരുന്നതിനായി 11.5 ലക്ഷം രൂപ ശരീഫ് അടച്ചതായി പോലീസ് പറയുന്നു. അബുദാബി രാജകുടുംബവുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ശരീഫ് നേരത്തെയും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ശരീഫ് കുറച്ച് പണം അടയ്ക്കുകയും പിന്നീട് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി.
നവംബര്‍ 20 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശരീഫ് ഹോട്ടല്‍ വിട്ടത്. ഇയാളുടെ യഥാര്‍ത്ഥ വിവരങ്ങളും ജോലിയുമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.