Sorry, you need to enable JavaScript to visit this website.

ഹജിന് അപേക്ഷിക്കാൻ ഇഖാമയിൽ കാലാവധി നിർബന്ധം

മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേർന്ന ദേശീയ ഹജ്, ഉംറ കമ്മിറ്റി യോഗം.

മക്ക - ഹജിന് രജിസ്റ്റർ ചെയ്യാൻ വിദേശികളുടെ ഇഖാമകളിലും സൗദി പൗരന്മാരുടെ ഹവിയ്യകളിലും ദുൽഹജ് വരെ കാലാവധിയുണ്ടാകൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ദുൽഹജ് വരെ കാലാവധിയില്ലാത്തതിനാൽ നിരവധി പേർക്ക് ഹജ് രജിസ്‌ട്രേഷന് സാധിക്കുന്നില്ല. രജിസ്‌ട്രേഷന് ശ്രമിക്കുമ്പോൾ തിരിച്ചറിയൽ കാർഡിൽ കാലാവധിയില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ് രജിസ്‌ട്രേഷന് ഇഖാമയിലും ഹവിയ്യയിലും ദുൽഹജ് വരെ കാലാവധിയുണ്ടായിരിക്കൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയത്. ഹജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മറ്റു വല്ല പ്രശ്‌നങ്ങളും നേരിടുന്ന പക്ഷം സർവീസ് സെന്ററിൽ ബന്ധപ്പെട്ടോ സ്വകാര്യ സന്ദേശങ്ങൾ വഴിയോ ഹജ്, ഉംറ മന്ത്രാലയവുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ്, ഉംറ സേവന മേഖല നേരിടുന്ന വെല്ലുവിളികൾ വിശകലനം ചെയ്യാനും പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണാനും വിഷൻ 2030 പദ്ധതിക്കനുസൃതമായി തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും ദേശീയ ഹജ്, ഉംറ കമ്മിറ്റി മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് യോഗം ചേർന്നു. പ്രസിഡന്റ് എൻജിനീയർ അബ്ദുല്ല അൽഖാദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ ബാദിയും മുഴുവൻ അംഗങ്ങളും പങ്കെടുത്തു. 
ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനെ കുറിച്ച് യോഗം വിശകലനം ചെയ്തു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനുള്ള വികസന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി വരും ആഴ്ചകളിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ദേശീയ ഹജ്, ഉംറ കമ്മിറ്റി കൂടിക്കാഴ്ചകൾ നടത്തും.

 

Tags

Latest News