അഹമ്മദാബാദ് - മത്സ്യബന്ധനത്തിനിടെ തീ പിടിച്ച ബോട്ടിൽനിന്ന് ഏഴ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഗുജറാത്ത് തീരത്ത് നിന്ന് 50 കിലോമീറ്റർ അകലെ അറബിക്കടലിൽ തിങ്കളാഴ്ചയാണ് 'ജയ് ബോലേ' എന്ന ബോട്ടിന് തീ പിടിച്ച് കത്തിയമർന്നത്.
അപകട വിവരം അറിഞ്ഞ് പോർബന്തറിലെ ഐ.സി.ജി മാരിടൈം റെസ്‌ക്യൂ സബ് സെന്റർ ഉടനെ ഇന്റർസെപ്റ്റർ ക്ലാസ് കപ്പലുകളായ സി161, സി56 എന്നിവയെ സംഭവസ്ഥലത്തേക്ക് വിടുകയായിരുന്നു. അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനായി പോർബന്തറിലെ ഐ.സി.ജി എയർ സ്റ്റേഷനിൽനിന്ന് ഒരു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും പറന്നുയർന്നു. ഈ ഹെലിക്കോപ്റ്റർ മേഖേന എയർ ലിഫ്റ്റ് ചെയ്ത് ഏഴു മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ജീവനക്കാരെ കണ്ടെത്തി എയർലിഫ്റ്റ് ചെയ്തത്.
രണ്ട് പേരെ കോസ്റ്റ് ഗാർഡ് സമീപത്തെ ഒരു ഡിങ്കി ബോട്ടിൽ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. പരുക്കേറ്റവർക്കെല്ലാം ഉടനെ പ്രാഥമിക ചികിത്സ നൽകി പോർബന്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മാസത്തിനിടെ 60-ലധികം പേരുടെ ജീവനാണ് കോസ്റ്റ്ഗാർഡ് ഇപ്രകാരം രക്ഷിച്ചതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.