Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുസാറ്റിലെ ആർത്തവ അവധി ആരു പറഞ്ഞിട്ട്? വിവാദം

കൊച്ചി - കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ആർത്തവ അവധിയിൽ അവകാശവാദങ്ങളുമായി കെ.എസ്.യു-എസ്.എഫ്.ഐ പോര്. കുസാറ്റിലെ തെരഞ്ഞെടപ്പ് സമയത്ത് കെ.എസ്.യു മുന്നോട്ടുവെച്ച മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നുവെന്ന് കുസാറ്റ് യൂണിവേഴ്‌സിറ്റി യൂനിയൻ പ്രതിനിധി കൂടിയായ കെ.എസ്.യു നേതാവ് ആൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
  മാനിഫെസ്റ്റോയിൽ പറഞ്ഞ ആർത്തവ അവധി നടപ്പാക്കാനായി കെ.എസ്.യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടാണ് ആൻ സെബാസ്റ്റ്യൻ ആർത്തവ അവധി ചർച്ചകളെ ചൂടുപിടിപ്പിച്ചത്. കെ.എസ്.യു കുസാറ്റിൽ തുടങ്ങിവെച്ച മാറ്റം കേരളത്തിലെ മറ്റ് യൂണിവേഴ്‌സിറ്റികളിലും സംഘടന ഉന്നയിക്കുകയാണെന്നും ആൻ വ്യക്തമാക്കി. എന്നാൽ ആൻ സെബാസ്റ്റ്യന്റെ വാദങ്ങളെ തള്ളി എസ്.എഫ്.ഐ പ്രവർത്തകരും അവകാശവാദവുമായി പോസ്റ്റിൽ പ്രതികരണങ്ങൾ ഇട്ടതോടെ പൊരിഞ്ഞ വാദമുഖങ്ങളാണ് ഉയരുന്നത്. 
 സർവകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്നാണ് നിർണായക തീരുമാനം. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടുമെന്ന് എസ്.എഫ്.ഐ പറയുന്നു. 
 എന്നാൽ കുസാറ്റ് മാതൃകയിൽ മറ്റു സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് കെ.എസ്.യു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് കത്ത് നൽകിയെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റിയൻ ആണ് മന്ത്രിക്ക് കത്ത് നൽകിയതെന്നും കെ.എസ്.യു പ്രവർത്തകർ തെളിവ് സഹിതം വ്യക്തമാക്കുന്നു. കുസാറ്റിൽ ആർത്തവ അവധി നേടിയെടുക്കാൻ മുന്നിൽനിന്ന സംഘടന മറ്റു സർവകലാശാലകളിലും അവധി അനുവദിക്കണമെന്ന ആവശ്യവുമായി പോരാട്ടം തുടരുമെന്നും കെ.എസ്.യു വ്യക്തമാക്കുന്നു.
 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പാക്കുന്നത്.

ആൻ സെബാസ്റ്റ്യന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
 'കെ എസ് യു കുസാറ്റിൽ തുടങ്ങിവെച്ച മാറ്റം എം ജി യൂണിവേഴ്‌സിറ്റിയിലേക്കും കെ എസ് യു ഏറ്റെടുക്കുകയാണ്. കേരളത്തിലെ മറ്റ് യൂണിവേഴ്‌സിറ്റികളിലും ആർത്തവ അവധി എന്ന ആവശ്യം ഉയർത്തി നമ്മൾ മുന്നോട്ട് പോകും. ഈ വർഷം കേരള വിദ്യാർത്ഥി യൂണിയൻ കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ടു വെച്ച മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു. ഇലക്ഷനിൽ രണ്ടു സീറ്റുകൾ മാത്രമാണ് വിജയിക്കാൻ സാധിച്ചതെങ്കിലും കെ എസ് യു യൂണിറ്റ് പ്രസിഡന്റ് എന്ന നിലയിൽ കുര്യൻ, മാനിഫെസ്റ്റോയിലെ ആ വാഗ്ദാനം നിറവേറ്റുന്നതിന് വേണ്ടി കൃത്യമായ ഫോളോ അപ്പുകൾ ചെയ്ത് നിവേദനം നൽകിയിരുന്നു. ജനുവരി ഒന്നാം തീയതി യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നൽകിയിരുന്നു.
യൂണിവേഴ്‌സിറ്റി ആർത്തവ അവധിക്ക് അനുവാദം നൽകിയതിന് ശേഷം എസ് എഫ് ഐ ആണ് ആ അവകാശം നേടിയെടുത്തത് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന കത്തിൽ ഒരു തീയതി പോലും വ്യക്തമാക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇവിടെ യൂണിയൻ നേടിയെടുത്തു എന്ന് പറയുമ്പോഴും, ആ യൂണിയനിൽ പൂർണമായും എസ് എഫ് ഐക്കാർ അല്ല, കെ എസ് യു പ്രതിനിധികളും ഉൾപ്പെടുന്ന യൂണിയൻ ആണെന്ന് ഇതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടി എസ് എഫ് ഐ നടത്തുന്ന പ്രചാരണത്തിൽ മറന്നു പോവുന്നുണ്ട്'.
 

Latest News