- 15300 ലിറ്റർ പാലിൽ ക്ഷീരവകുപ്പ് കണ്ടെത്തിയ ഹൈഡ്രജൻ പെറോക്‌സൈഡ് ക്ലീനാക്കി ഭക്ഷ്യസുരക്ഷ വിഭാഗം! ആര് പറഞ്ഞത് വിശ്വസിക്കും?
കൊല്ലം - തമിഴ്‌നാട്ടിൽ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന ടാങ്കർ ലോറിയിൽ ലിറ്റർ കണക്കിന് പാൽ മായം കലർത്തിയെന്ന് പറഞ്ഞ് ക്ഷീര വകുപ്പ് പിടികൂടി നാലുദിവസം പിന്നിട്ടപ്പോൾ അതിന് വിരുദ്ധമായ റിപ്പോർട്ടുമായി ഭക്ഷ്യസുരക്ഷാ വിഭാഗം.
ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായമില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. പരിശോധനയിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് കണ്ടെത്താനായതെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.
എന്നാൽ ലോറിയിലെ മുഴുവൻ പാലും ഒഴുക്കി കളയണമെന്നും പാലിന്റെ കട്ടിയും കൊഴുപ്പും കൂട്ടാനും കേടുകൂടാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമായി ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്തു മായം കലർത്തിയെന്നായിരുന്നു പാൽ പിടികൂടിയ ക്ഷീരവകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ കൂടുതൽ പരിശോധനകൾക്കായാണ് ക്ഷീര വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് പാൽ അയച്ചത്.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് ജനുവരി 11ന് പരിശോധന നടത്തി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി പിടിച്ചിട്ടത്. പാലിൽ മായം കലർത്തിയെന്നു പറഞ്ഞ് അഞ്ചു ദിവസമായി ടാങ്കർ ലോറി പൊലീസ് സ്റ്റേഷനിലാണുള്ളത്.
അതിനിടെ, ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാന്റുകളിൽ പരിശോധന നടത്താറുണ്ടെന്നും ഇതുവരെ പാലിൽ യാതൊരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഫാമിന്റെ വിശദീകരണം. എന്നാൽ, 15300 ലിറ്റർ പാലിൽ ക്ഷീരവകുപ്പ് കണ്ടെത്തിയ ഹൈഡ്രജൻ പെറോക്‌സൈഡ് ക്ലീനാക്കിയുള്ള ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതോടെ ആര് പറഞ്ഞത് വിശ്വസിക്കുമെന്ന കൺഫ്യൂഷനിലാണ് ഉപയോക്താക്കൾ.