പെരിന്തൽമണ്ണ - വീട്ടിലെ പേരയ്ക്ക പറിച്ചുവെന്നാരോപിച്ച് 12 വയസ്സുകാരനെ ബൈക്കിടിച്ച് വീഴ്ത്തി തുടയെല്ല് പൊട്ടിച്ചതായി പരാതി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി.
കുട്ടികൾ ഫുട്‌ബോൾ കളിച്ചു മടങ്ങുന്നതിനിടെ ഞായറാഴ്ച തൂത വാഴേങ്കടയിലാണ് സംഭവം. സംഭവത്തിൽ സ്ഥലം ഉടമ വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫിനെ(49) അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
അഷ്‌റഫ്, ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അവശനിലയിലായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതിനിടെ, സ്ഥലം ഉടമ അഷ്‌റഫ് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്. സംഭവത്തിനുശേഷം ബൈക്കോടിച്ചു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വീണ് പരുക്കേറ്റുവെന്നാണ് പറയുന്നത്.