അബഹ- ഒരോ മനുഷ്യനും പ്രവാസം പുല്‍കുന്നത് തങ്ങളുടെ ആശ്രിതരുടെ ക്ഷേമത്തിനും ഭാവി സുരക്ഷയ്ക്കും വേണ്ടിയാണ്. സ്വന്തം ജീവിത സന്തോഷങ്ങള്‍ മാറ്റിവെച്ച് കുടുംബത്തിന്റേയും മക്കളുടേയും ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഏറെ പേരും. ചിലര്‍ വിജയിച്ചു കയറും മറ്റു ചിലര്‍ പാതി വഴിയില്‍ പരാജിതരാകും.
പക്ഷേ, ദൗത്യം ഏറേക്കുറെ പൂര്‍ത്തിയാക്കുകയും തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയും ചെയ്ത് ഒടുവില്‍ പ്രവാസ ലോകത്ത് തന്നെ മരിക്കുകയും ചെയ്ത ഇന്ത്യക്കാരന്റെ കഥ എല്ലാ പ്രവാസികള്‍ക്കും നൊമ്പരമായി. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂര്‍ മരിയമ്മന്‍ കോവില്‍ സ്വദേശി മണ്ണാങ്കട്ടി-ശെല്ലമ്മാള്‍ ദമ്പതികളുടെ മകന്‍ ദുരൈ (50)യുടെ മരണമാണ് ബന്ധുക്കളുടെ തിരസ്‌കാരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്.
ഉറ്റവരുടെ മൃതദേഹങ്ങള്‍ അവസാന നോക്കു കാണാന്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. പലപ്പോഴും ഭാരിച്ച ചെലവും മറ്റ് കാരണങ്ങള്‍ കൊണ്ടും സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ പ്രവര്‍ത്തകരും മറ്റു ബന്ധപ്പെട്ടവരും ഇവിടെ മറവുചെയ്യുകയൊ നാട്ടിലയക്കുകയോ ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം അവശ്യമില്ലെന്നും ഇങ്ങോട്ട് അയക്കേണ്ടതില്ലെന്നും അപൂര്‍വ്വമായേ കുടുംബങ്ങള്‍ പറയാറുള്ളു.
ഇരുപത് വര്‍ഷമായി സൗദിയില്‍ മേസനായി ജോലി ചെയ്യുന്ന ദുരൈ ഇക്കഴിഞ്ഞ ഡിസംബര്‍ 31 നാണ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷേക്ക് ബാഷ കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും അവിടെ തന്നെ മറവു ചെയ്താല്‍ മതി എന്നുമാണ് ഭാര്യ ശെല്‍വി മറുപടി നല്‍കിയത്. ബിഫാമിനും എഞ്ചിനിയറിംഗിനും പഠിക്കുന്ന പ്രശാന്ത്, പ്രവീണ്‍ എന്നീ രണ്ട് ആണ്‍മക്കളുമായും സാമൂഹ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ നാട്ടിലയക്കാനും മൃതദേഹം സൗദിയില്‍ തന്നെ മറവു ചെയ്യാനുമാണ് മക്കളും പറഞ്ഞത്. മരണ വിവരമറിഞ്ഞു ദമാമില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സെന്തില്‍ അബഹയില്‍ എത്തിയിരുന്നുവെങ്കിലും കുടുംബത്തിന്റെ കടുത്ത നിലപാടില്‍ അയാള്‍ നിസ്സഹായനായി.
സാമ്പത്തിക ബാധ്യത വരുന്നതിന്റെ പേരില്‍ മൃതദേഹം നിരാകരിച്ചതാണോ നിഎന്ന സംശയത്താല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം അസീര്‍ മേഖലാ മെമ്പര്‍ ഹനീഫ മഞ്ചേശ്വരം എംബസി ചെലവില്‍ ബോഡി നാട്ടില്‍ എത്തിച്ചു നല്‍കാമെന്ന് മക്കളെ അറിയിച്ചുവെങ്കിലും.
കാണാന്‍ താല്‍പ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് പറയുന്നു. ഇരുപത് വര്‍ഷത്തെ പ്രവാസത്തില്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനും ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് വെക്കാനും മാത്രം ശ്രദ്ധിച്ച ദുരൈ സ്വന്തം കാര്യത്തില്‍ വളരെ ലളിതമായാണ് ജീവിച്ചതെന്ന് അടുത്ത സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മൃതദേഹം വേണ്ടെന്ന് നിരന്തരം വ്യക്തമാക്കിയതിനെ തുടര്‍ന്ന് കല്യാണ്‍ അണ്ണാ മലൈയുടെ പേരില്‍ സമ്മതപത്രം വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബഹ ശറാഫ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)