കൊച്ചി - പി.വി അൻവർ എം.എൽ.എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാംദിവസം ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ നിർത്തിയത് പത്ത് മണിക്കൂറിലേറെ. കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തുടർച്ചയായി രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്തത്.
തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടുനിന്ന ശേഷം രാത്രി 9.15-നാണ് വിട്ടയച്ചത്. ആദ്യദിനം ഉച്ചയ്ക്കു തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 9-നാണ് അവസാനിച്ചിരുന്നത്. നാളെ ബുധനാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നാണ് വിവരം. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായ എം.എൽ.എ ഇന്ന് അത്തരം പ്രതികരണങ്ങൾക്കൊന്നും മുതിർന്നിട്ടില്ല.
കട്ട കലിപ്പിലാണ് എം.എൽ.എ; ഇ.ഡി വിളിപ്പിച്ചത് ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ, മറുപടിക്ക് സൗകര്യമില്ലെന്നും പി.വി അൻവർ
- 'മൂട്ടിൽ തീ പിടിച്ചിരിക്കുമ്പോഴാ അവന്റെ മറ്റേടത്തെ ചോദ്യം' സമൂഹമാധ്യമങ്ങളിലും വൈറൽ
കൊച്ചി - ക്രഷർ പണം ഇടപാട് കേസിൽ ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പി.വി അൻവർ എം.എൽ.എ. ഇന്ത്യപാക് മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാണെന്നായിരുന്നു എം.എൽ.എയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവർത്തകരോടുള്ള എം.എൽ.എയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലും വൈറലാണ്. 'അമ്പുക്ക അത്താഴം കഴിഞ്ഞോ, വീട്ടിലാണോ', മൂട്ടിൽ തീ പിടിച്ചിരിക്കുമ്പോഴാ അവന്റെ മറ്റേടത്തെ ചോദ്യം, പത്രക്കാർ നീതി പാലിക്കുക, ഇത്രയും ദേഷ്യം പാടില്ല, ശെരിക്കും കിട്ടി കണ്ടാലറിയാം, ആഫ്രിക്കൻ അമ്പു കലിപ്പിലാണ്, മാധ്യമങ്ങളെ എം.എൽ.എക്കു തീരേ ദഹിക്കില്ല... എന്നു തുടങ്ങി പല രൂപത്തിലാണ് സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ.
കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് നിലമ്പൂരിലെ ഇടത് എം.എൽ.എയായ പി.വി അൻവറിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തത്. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. പത്തുവർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എം.എൽ.എയെ വിളിച്ചുവരുത്തിയത്. തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ പത്തു ശതമാനം ഷെയർ നൽകാമെന്നും പറഞ്ഞ് അൻവർ വഞ്ചിച്ചുവെന്നാണ് മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലീമിന്റെ പരാതി.
മാസം തോറും 50000 രൂപവീതം ലാഭവിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി.വി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്‌സ്‌മെന്റിനോട് പറഞ്ഞത്. പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ ഇ.ഡി വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. പരാതിയിൽ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.