തൊടുപുഴ- മാവിന്‍ ചുവട്ടിലെ മധുരവുമായാണ് ശാന്ത പി.ജെ ജോസഫിന്റെ മനസിലേക്ക് പടികടന്നെത്തിയത്. പിന്നീടുളള അരനൂറ്റാണ്ട് ജോസഫെന്ന രാഷ്ട്രീയ വൃക്ഷത്തിന് ഊര്‍ജം പകര്‍ന്ന് ആ തണലില്‍ ജീവിച്ചാണ് ശാന്ത അവസാനമായി കണ്ണടച്ചത്. ജോസഫ് എന്ന പാട്ടുകാരന്റെ ശ്രുതിയും ലയവുമായി. വളര്‍ച്ചയിലും വിളര്‍ച്ചയിലും കൈ പിടിച്ച്.
1971 സെപ്റ്റംബര്‍ 15നായിരുന്നു വിവാഹം. പ്രണയം മൊട്ടിടുമ്പോള്‍ ജോസഫ് സജീവ രാഷ്ട്രീയത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ വിവാഹം കഴിക്കുമ്പോള്‍ തൊടുപുഴ എം.എല്‍.എ ആയി കഴിഞ്ഞിരുന്നു. ആ കാമുക ഹൃദയം അമ്പതാം വിവാഹ വാര്‍ഷിക നാളില്‍ ജോസഫ് ഓര്‍ത്തെടുത്തത് ഇങ്ങനെ..
എം.എ കഴിഞ്ഞ് പൊതുപ്രവര്‍ത്തനവും കൃഷിയുമായി നടക്കുന്ന കാലം. കൂട്ടിന് പാട്ടും. ഒരു ദിവസം വൈകിട്ട് വീട്ടിലെത്തുമ്പോള്‍ മുറ്റത്തെ മാവിന്‍ചുവട്ടില്‍ വീണ മാമ്പഴങ്ങള്‍ കുട്ടയിലാക്കി ഒരു യുവതി നില്‍ക്കുന്നു. മൂത്ത സഹോദരി ത്രേസ്യാമ്മ ആളെ പരിചയപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ത്രേസ്യാമ്മയുടെ ജൂനിയറായിരുന്നു. പേര് ശാന്ത. പുറപ്പുഴ െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായി എത്തിയതാണ്. താമസിക്കാന്‍ പറ്റിയ സ്ഥലം കിട്ടാതെ വന്നപ്പോള്‍ ത്രേസ്യാമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പുതിയ താമസക്കാരിയെത്തിയതൊന്നും നാട്ടിലില്ലാതിരുന്ന ജോസഫ് അറിഞ്ഞിരുന്നില്ല.
ആദ്യ കാഴ്ചയില്‍ തന്നെ പ്രേമം തോന്നിയതായി ജോസഫ് പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. അധിക നാള്‍ കഴിയും മുമ്പ് വീട്ടുകാര്‍ ആലോചിച്ച് വിവാഹവും നടന്നു. ആ മാവ് ഇപ്പോഴും പാലത്തിനാല്‍ വീടിന്റെ മുറ്റത്തുണ്ട്.
ജോസഫ് അധികാരത്തിന്റെ പടവുകള്‍ കയറുമ്പോഴും ശാന്ത വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങി കഴിഞ്ഞു.അരങ്ങത്ത് രാഷ്ട്രീയം തിളച്ചു മറിഞ്ഞ പാലത്തിനാല്‍ വീട്ടിലെ ഭാര്യയും നാല് മക്കളുടെ അമ്മയുമായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)