മുംബൈ / ഇസ്‌ലാമാബാദ് - ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായ അധോലോക വില്ലൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. പാകിസ്താനിലെ പഠാൻ സ്വദേശിനിയെയാണ് വിവാഹം കഴിച്ചതെന്ന് ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം വെളിപ്പെടുത്തി. അന്വേഷണ ഏജൻസികളോടാണ് സഹോദരീ പുത്രൻ ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം.
തന്റെ ആദ്യ ഭാര്യ മെഹ്ജബീനുമായി ദാവൂദ് വിവാഹമോചനം നടത്തിയിട്ടില്ലെന്നും വിവാഹമോചനം നേടിയതായുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അലിഷാ ഇബ്രാഹിം പറയുന്നു. മുംബൈയിലുള്ള ബന്ധുക്കളുമായി ദാവൂദ് ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവിടെനിന്ന് മറ്റൊരിടത്തേക്ക് താമസം മാറ്റിയതായും പറയുന്നു.
67 കാരനായ ദാവൂദിന് ആദ്യ ഭാര്യയിൽ ഒരാൺ കുട്ടിയും മൂന്നു പെൺകുട്ടികളും അടക്കം നാലു മക്കളാണുള്ളത്.
1993-ൽ മുംബൈയിൽ 257 പേരുടെ ജീവൻ കവർന്ന സ്‌ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായി ഇന്ത്യ കണ്ടെത്തിയ ദാവൂദ് ഇബ്രാഹിം, പാകിസ്താനിലാണെന്നാണ് കരുതുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ദാവൂദ് മുംബൈ ഭീകരാക്രമണം നടത്തിയത്. ലോകത്തെ കുറ്റകൃത്യ ശ്യംഖലകളിൽ വില്ലനായ ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല. കള്ളക്കടത്തുകാരുടെയും വിദേശ വിനിമയ തട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമപ്രകാരം ദാവൂദ് ഇബ്‌റാഹീമിന്റെ കോടികൾ വിലമതിക്കുന്ന മുംബൈയിലെയും ഔറംഗബാദിലെയും സ്വത്തുക്കൾ കേന്ദ്ര സർക്കാർ കണ്ടുകെട്ടിയിരുന്നു.