- അരി പിണറായിയുടേതല്ല, മോദിയുടേതെന്ന് ബി.ജെ.പി നേതാവ്
ന്യൂദൽഹി - അടുത്ത വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ പ്രകാശ് ജാവ്‌ദേക്കർ. ദൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ ഒന്നര കോടി ആളുകൾക്ക് സൗജന്യമായി കേന്ദ്രം അഞ്ച് കിലോ അരി നൽകി കൊണ്ടിരിക്കുകയാണെന്നും ഇത് പിണറായിയുടെ അരിയല്ലെന്നും മോദിയുടെ അരിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദിക്ക് കേരളത്തിൽ 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിട്ടും 12 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂ. വൈകാതെ കേരളത്തിൽ ബി.ജെ.പി ഒരു നിർണായക ശക്തിയാകും. കേരളം കൂടുതൽ നല്ലത് അർഹിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക കാമ്പയിൻ രണ്ട് മാസത്തിനകം പൂർത്തിയാക്കും. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വിജയിക്കുമെന്നും എൻ.ഡി.എ വിപുലപ്പെടുത്താൻ വിവിധ പാർട്ടികളുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.