തിരുവനന്തപുരം - കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്നാണ് സുധാകരന്റെ വിമർശം. സംസ്ഥാനത്തെ നേതാക്കളുമായി ഒത്തുപോകണമെന്ന, കേരള ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നിർദേശം പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.സി.സിയുടെ പ്രസ്താവനാ വിലക്കിനിടെ ഒരു ഇംഗ്ലീഷ് മാധ്യമത്തിനുള്ള അഭിമുഖത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.
പാർട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം തരൂർ പരിപാടികളിൽ പങ്കെടുത്തു. കണ്ണൂരിലെത്തിയിട്ടും മര്യാദയുടെ പേരിൽ പോലും തന്നെ വിളിച്ചില്ല. ഇത് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് നാണക്കേടാണ്. തരൂരിന്റെ നടപടികൾ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളിൽ തരൂർ ഇടപെടുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.
പരിപാടികളിൽ പങ്കെടുക്കുമ്പോൾ പാർട്ടിയുമായി ആലോചിക്കണമെന്ന് തരൂരിന് പലവട്ടം നിർദേശം നല്കിയെങ്കിലും അനുസരിക്കുന്നില്ല. മര്യാദയില്ലാത്ത പ്രവർത്തനങ്ങളാണ് തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കാര്യവും പാർട്ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് തരൂർ മാറിയിട്ടുണ്ട്. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താൻ. ആ തന്നെ ഒന്നു ഫോണിൽ വിളിക്കാൻ പോലും തരൂർ തയ്യാറാവുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.
അതേസമയം, പാർട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും തിരിച്ചും അങ്ങനെതന്നെ തോന്നണമെന്ന കാര്യം തരൂർ മറക്കരുതെന്നും സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പാർട്ടി പരിപാടികളെല്ലാം ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് നേതൃത്വത്തെ, നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് എല്ലാം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിശദീകരണം. എ.ഐ.സി.സിയുടെ പ്രസ്താവന വിലക്കുകൾക്കിടയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ തരൂരിനെതിരെ പ്രതികരിച്ച സ്ഥിതിക്ക് വിഷയം ഹൈക്കമാൻഡിന്റെ അടിയന്തര പരിഗണനയിലേക്ക് പോകാനാണ് സാധ്യത. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ കാണാൻ തരൂരിന് പദ്ധതിയുള്ളതായും വിവരമുണ്ട്.