കോഴിക്കോട് -കോൺഗ്രസിൽനിന്ന് കിട്ടാവുന്നതെല്ലാം നേടി, പുതിയ മോഹങ്ങളുമായി കഴിയവെ പ്രഫ. കെ.വി തോമസിനെ കേരളത്തിലെ പിണറായി സർക്കാർ മാന്യമായി സൽക്കരിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ഇത് മുൻ കേന്ദ്രമന്ത്രിയായ പ്രഫ. കെ.വി തോമസിനും സി.പി.എമ്മിനും കേരളത്തിലെ കോൺഗ്രസുകാർക്കു പോലും 'പ്രതീക്ഷ' നൽകുന്ന ആശ്വാസവാർത്തയാണ്. ബി.ജെ.പിയിലേക്ക് പോയില്ലല്ലോ എന്നതാണാ ആശ്വാസം!
കഴിഞ്ഞതവണ ആറ്റിങ്ങലിലെ സിറ്റിംഗ് സീറ്റിൽ അടിതെറ്റിയതോടെയാണ് എ സമ്പത്തിനെ ദൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ പിണറായി സർക്കാർ കുടിയിരുത്തിയത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, ക്യാബിനറ്റ് റാങ്കോടെയുള്ള പ്രസ്തുത പോസ്റ്റിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നെങ്കിലും പാർട്ടിയും സർക്കാറും അത് അവഗണിച്ചു. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രത്യേക പ്രതിനിധിയായി സമ്പത്തിന്റെ നിയമനം ആവർത്തിച്ചില്ല. പകരം, 2021 സെപ്റ്റംബർ 15ന് നെതർലൻഡ്‌സ് മുൻ അംബാസിഡർ വേണു രാജാമണിയെ ദൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കുകയായിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരുവർഷം കൂടി നീട്ടുകയും ചെയ്തു.
ഇപ്പോൾ, പുതിയ പ്രതീക്ഷകളുമായി കഴിയുന്ന കെ.വി തോമസിനെ ക്യാബിനറ്റ് റാങ്ക് നൽകി പരിഗണിച്ചതോടെ രാജ്യതലസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ മികച്ച ബന്ധങ്ങളും അനുഭവസമ്പത്തും കൂടുതൽ ഉപയോഗപ്പെടുത്താമെന്ന് സി.പി.എം, പ്രത്യേകിച്ച് രണ്ടാം പിണറായി സർക്കാർ കരുതുന്നു. എ സമ്പത്തിനാകട്ടെ താൻ ഹാട്രിക് തികച്ച തന്റെ പഴയ ലാവണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചുവടുകൾ പിഴക്കാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനുമാകും.
കോൺഗ്രസുമായി അകന്നതോടെ കെ.വി തോമസിനെ ലക്ഷ്യമിട്ട് സംഘപരിവാർ കേന്ദ്രങ്ങളും പല നീക്കങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. എന്തായാലും പ്ര.ഫ കെ.വി തോമസിന് കേരളത്തിന്റെ പ്രതിനിധിയായി ദൽഹിയിൽ ഇനിയും കൂടുതൽ രാഷ്ട്രീയ ബലപരീക്ഷണ സാധ്യതകളിലേക്കും വിലപേശൽ ശേഷിയിലേക്കുമെല്ലാം പറ്റിയ നല്ല ഒന്നാന്തരം അവസരം കൂടിയാണ് പിണറായി സർക്കാർ ഒരുക്കിക്കൊടുത്തത്. രാഷ്ട്രീയ പേശലുകൾ നടക്കുമ്പോഴും, ഇന്ദ്രപ്രസ്ഥത്തിലുള്ള അദ്ദേഹത്തിന്റെ പോയകാലത്തെ ബന്ധങ്ങളും പ്രതിഭയും കേരളത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചാൽ നമുക്കും നന്ന്.