ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ട്-3
വിഭജനത്തിന്റെ നാളുകളില്‍ നിലനിന്ന ഹിന്ദു മുസ്‌ലിം ഭിന്നതയെ ചെറുക്കാന്‍ ഹിന്ദു മുസ്‌ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷേ വിശാലമായ ഹിന്ദു മുസ്‌ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോണ്‍ഗ്രസ്സ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിര്‍ത്തിരുന്നു. ഒടുവില്‍ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി പി.എസ്.പി യുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും തീരുമാനിച്ചു. പി.എസ്.പി യുടെ കൂടി നിര്‍ദേശപ്രകാരം ലീഗ് സ്പീക്കര്‍ പദവി സ്വീകരിച്ചു.
ഈ ഘട്ടത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച വിട്ടു വീഴ്ച പ്രത്യക്ഷത്തില്‍ അപമാനകരമായിരുന്നുവെങ്കിലും ഒരര്‍ഥത്തില്‍ അതൊരു 'ഹുദൈബിയാ സന്ധി'യായിരുന്നു. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിക്കു മുമ്പില്‍ അനുയായികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും ഇത്തിരി അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തില്‍ കര്‍ണാടകയിലെയും മദ്രാസിലെയും പല മുസ്‌ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദര്‍ശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീര്‍ഘ വീക്ഷണവും സമുദായ സ്‌നേഹവും അവരില്‍ മതിപ്പുളവാക്കി. തമിഴ്‌നാട്ടില്‍ തങ്ങള്‍ ഒരു പര്യടനവും നടത്തി.
1961 ഏപ്രിലില്‍ സീതി സാഹിബ് നിര്യാതനായി. തുടര്‍ന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ മുസ്‌ലിം ലീഗ് അംഗത്വം മുന്‍കൂട്ടി രാജിവെക്കണമെന്ന അസാധാരണ നിര്‍ദേശം കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേര്‍ന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. മറുവശത്ത് കോണ്‍ഗ്രസ്സിന്റെ മര്യാദയില്ലായ്മ ബഹുജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമാകാനും ലീഗിന്റെ മുന്നണി മര്യാദയും വിട്ടുവീഴ്ചയും രാജ്യസ്‌നേഹവും ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമാകാനും ഇത് ഇടയാക്കി. ഒരടി പിന്മാറിക്കൊണ്ട് നാലടി മുന്നേറുക എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിയും വിവേകവും പക്വതയുമൊക്കെ ഉള്‍ചേര്‍ന്ന നേതൃത്വം അണികളെ അച്ചടക്കപൂര്‍വം ഒതുക്കി നിര്‍ത്താന്‍ ഏറെ തുണച്ചു. തങ്ങളുടെ നിര്‍ദേശോപദേശങ്ങള്‍ അന്തിമ വിശകലനത്തില്‍ വളരെ വിജയകരമാകുമെന്ന ബോധ്യം ലീഗണികള്‍ക്കുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരു നേതൃത്വമോ അനുയായി വൃന്ദമോ അന്ന് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.
''തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കര്‍ സ്ഥാനം, റാഹത്തായില്ലേ?'' എന്ന് ലീഗ് വിരോധികളും മാര്‍ക്‌സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും അണികള്‍ ചിതറാതെ, പതറാതെ തങ്ങള്‍ക്കു പിന്നില്‍ അച്ചടക്കപൂര്‍വം ഉറച്ചു നിന്നത് പ്രതിയോഗികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി.
കോണ്‍ഗ്രസ്സിന്റെ നന്ദികെട്ട പ്രകൃതം പിന്നെയും പുറത്തു വന്നു. 1962 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ലീഗിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കര്‍ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിന്നുള്ള കരുനീക്കങ്ങള്‍ നടത്തിയത്. ലീഗ് സ്വന്തത്തില്‍ മൂന്ന് സീറ്റുകളില്‍ മല്‍സരിച്ചു. (കോഴിക്കോട്, മഞ്ചേരി, പൊന്നാനി) വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മല്‍സരിച്ചപ്പോള്‍ ലീഗിന്റെ പാര്‍ലമെന്റ് സീറ്റ് ഒന്നില്‍ നിന്ന് രണ്ടായി ഉയര്‍ന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രന്മാര്‍ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റക്കാട് ഈ വിഷയത്തില്‍ ബാഫഖി തങ്ങളുടെ ദീര്‍ഘദൃഷ്ടിയും ആര്‍ജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തോതിയിട്ടുണ്ട്.
ബാഫഖി തങ്ങള്‍ കോണ്‍ഗ്രസ്സിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 1965ല്‍ കമ്മ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ സീറ്റ് 63ല്‍ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോണ്‍ഗ്രസ്സ് ഇതര കക്ഷികള്‍ക്ക് 97 സീറ്റുകള്‍ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി 7 കക്ഷികളുടെ മുന്നണി 1967ല്‍ മല്‍സരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. ആകെ മല്‍സരിച്ച 15 ല്‍ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന്ന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും. കോണ്‍ഗ്രസ്സ് കേവലം 9 സീറ്റില്‍ ഒതുങ്ങി. ബാഫഖി തങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അവരെ പാഠം പഠിപ്പിച്ചു.
പക്ഷേ, ഇ.എം.എസ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയില്ല. മുന്നണി മര്യാദയുടെ ഭാഗമായ വാഗ്ദത്തപാലനം നടത്താതെ, ഘടക കക്ഷികളെ വെറുപ്പിക്കുന്ന പണിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അന്ന് നടത്തിയത്. മുന്നണിയെ നില നിര്‍ത്താന്‍ ചില അനുരഞ്ജന ശ്രമങ്ങള്‍ തങ്ങള്‍ നടത്തി. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തങ്ങള്‍ മാറിയ നാളുകളായിരുന്നു അത്. 32 മാസം പ്രായമായ മന്ത്രിസഭ നിലംപൊത്തി.
തുടര്‍ന്ന് 1969 നവംബര്‍ ഒന്നാം തിയ്യതി സി.പി.ഐ നേതാവ് സി. അച്ചുതമേനോന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ നിലവില്‍ വരുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കമ്മ്യൂണിസ്റ്റുകളിലെഒരു വിഭാഗത്തെ കൊണ്ട് തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നല്ല പ്രഹരം നല്‍കാന്‍ സാധിച്ചു.പിന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പന്ത്രണ്ട് വര്‍ഷക്കാലം അധികാരത്തിലേറാന്‍ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ച തങ്ങള്‍ 1970ലെ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചു.
ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972ല്‍ തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തില്‍ ശക്തിപ്പെടുത്താന്‍ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അച്ചുതമേനോന്‍, കെ.കരുണാകരന്‍, ബേബി ജോണ്‍ തുടങ്ങി പലരും തങ്ങളില്‍ പല മാര്‍ഗേണ സമ്മര്‍ദം ചെലുത്തി. തങ്ങള്‍ വഴങ്ങിയില്ല. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയുമാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഹജ്ജിന്ന് പോയ തങ്ങള്‍ ഹജ്ജിന്ന് ശേഷം 1973 ജനുവരി 18 ന് മക്കയില്‍ വെച്ച് മരണപ്പെട്ടു. മക്കയില്‍ തന്നെ ഖബറടക്കുകയും ചെയ്തു.
കേരള മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സാമൂഹ്യരംഗത്ത് അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു. ലീഗിന്റെ നേരെ പുലര്‍ത്തിയ അയിത്തം തന്ത്രപരമായി ഭേദിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. പി.എസ്.പിയുമായും കോണ്‍ഗ്രസ്സുമായും കമ്മ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേര്‍പ്പെടുക വഴി ലീഗിനെതിരെ വര്‍ഗീയതയാരോപിക്കാനുള്ള പഴുതടക്കുകയും ലീഗിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന്ന് അബദ്ധങ്ങള്‍ പലതും സംഭവിച്ചിരിക്കാമെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങള്‍ ഒരളവോളം ഉയര്‍ത്തിക്കൊണ്ടുവരാനും സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ അധികൃത കേന്ദ്രങ്ങളില്‍ മുസ്‌ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണ്. ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതില്‍ തങ്ങള്‍ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠന വിധേയമാക്കാവുന്നതാണ്. കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങള്‍ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാര്‍ഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെ വളരെ ഉയര്‍ന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. അഖിലേന്ത്യാ ലീഗും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗും ഉണ്ടായത് പില്‍ക്കാല ലീഗ് നേതൃത്വങ്ങളുടെ നേതൃ ശേഷിക്കുറവിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
തങ്ങള്‍ കേരള മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ കേരളീയ മുസ്‌ലിം സമൂഹം ഇന്നത്തേപ്പോലെയായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തങ്ങള്‍ വ്യക്തിപരമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വകയായി സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. സി.എച്ച്. മുഹമ്മദ് കോയാ സാഹിബ്, പ്രൊഫ. ടി. അബ്ദുല്ലാ സാഹിബ് ഉള്‍പ്പടെ പതിനാല് പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഒരേ സമയം നല്‍കിയിരുന്നതായി പ്രൊഫ. ടി.അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വേറെയും പലരെയും തങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഉള്‍പ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും തങ്ങളുടെ പങ്ക് വലുതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കുന്നതിലും തങ്ങള്‍ നേതൃപരമായി പങ്ക് വഹിച്ചു. എം.ഇ.എസ് സ്ഥാപിതമായ പ്രാരംഭകാലത്തും തങ്ങള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.