കോഴിക്കോട് - സൂറത്ത് കോടതി വിധിക്കു പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിൽനിന്നുള്ള ലോക്‌സഭാംഗത്വം റദ്ദായതോടെ രാഷ്ട്രീയ ഇന്ത്യയുടെ കണ്ണും കാതും മേൽക്കോടതികളിലേക്ക്.
2019ലെ കർണാടക തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തിന് മാനഹാനിയുണ്ടാക്കിയെന്ന ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയിൽ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിന് രണ്ടു വർഷത്തെ ശിക്ഷ വിധിച്ചിതോടെയാണ് എം.പി സ്ഥാനത്തുനിന്നും രാഹുൽ അയോഗ്യനായത്. കേസിൽ മേൽക്കോടതികളെ സമീപിക്കാൻ 30 ദിവസത്തെ സാവകാശമാണ് സൂറത്തിലെ സി.ജെ.എം കോടതി അനുവദിച്ചിട്ടുള്ളത്.
കോടതി വിധിയിൽ മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് എം.പിയായി തിരിച്ചുവരാൻ രാഹുലിന് സാധിക്കില്ല. ഒപ്പം വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുകയും ചെയ്യും. സൂറത്ത് കോടതി വിധി റദ്ദാക്കിയില്ലെങ്കിൽ രാഹുലിനാകട്ടെ എട്ടുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്ത സ്ഥിതിയാണുണ്ടാവുക.
മാനനഷ്ടക്കേസിൽ പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യതയ്ക്ക് കാരണമാകുന്നതിനാലാണ് രാഹുലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്ന് മുൻകാല പ്രാബല്യത്തോടെ അയോഗ്യനാക്കിയത്. വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയേയോ സുപ്രീംകോടതിയോ സമീപിച്ച് സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യുകയോ ഇളവ് വാങ്ങുകയോ ചെയ്യാത്ത പക്ഷമാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുക.
ഒരു മണ്ഡലത്തിൽ ജനപ്രതിനിധി അയോഗ്യനായാകുകയോ മരിക്കുകയോ ചെയ്താൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്തായാലും രാഹുലിനെയും പ്രതിപക്ഷത്തെയും പൂട്ടാൻ ഉറക്കമിളച്ചു നടക്കുന്ന കേന്ദ്ര സർക്കാറിനെ സംബന്ധിച്ചേടത്തോളം വയനാട് ബാലികേറാമലയാണെന്നതിനാൽ ധൃതിപടിച്ച് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. കോടതിയിൽനിന്ന് രാഹുലിന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാറിന് കനത്ത പ്രഹരം നൽകുന്ന ജനവിധി തന്നെ വയനാട് നൽകുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടലുകൾ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)