ലണ്ടൻ - കർണാടക സംഗീതജ്ഞയും പത്മശ്രീ ജേതാവുമായ ബോംബെ ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മസ്തിഷ്‌ക രക്തസ്രാവവുമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലാകുന്നതിന്റെ തലേദിവസം രാത്രി കഴുത്ത് വേദനയുണ്ടെന്ന് ജയശ്രീ പറഞ്ഞിരുന്നു. ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അവർ ഇറങ്ങിയില്ലെന്നും പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പ്രശസ്ത ഗായികയായ ജയശ്രീ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തിയ അവർക്ക് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി ഈയിടെ ലഭിച്ചിരുന്നു.