ന്യൂദൽഹി - അയോഗ്യത ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പാർല്ലമെന്റിൽ. എന്നാൽ സഭയ്ക്കുള്ളിൽ പ്രവേശിച്ചില്ല. സൂറത്ത് കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തിൽ 12 പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന് പിന്തുണയറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.
ലോക്‌സഭയിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. മോദി-അദാനി ഭായ് ഭായ് എന്ന മുദ്രാവാക്യങ്ങൾ വിളിച്ചാണ് പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നത്. രാജ്യസഭ ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30 വരെ നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, രാഹുലിനെതിരായ കോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ നിയമോപദേശം തേടി. ഈ സമ്മേളന കാലയളവിൽ തന്നെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ വിനിത് ജിൻഡാൽ സ്പീക്കർക്ക് പരാതി നല്കിയിട്ടുണ്ട്.