- രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും എം സ്വരാജ്.
തിരുവനന്തപുരം - 2019-ലെ കർണാടക തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിക്കു പിന്നാലെ, കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം സ്വരജ് രംഗത്ത്.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്ന് പകലു പോലെ വ്യക്തമാണെന്നും എം സ്വരാജ് വ്യക്തമാക്കി.
ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു. വിയോജിപ്പുകൾക്കും വിമർശങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രം സഹിതമാണ് എഫ്.ബി പോസ്റ്റ്.