- ഇനി സൂറത്ത് കോടതി വിധി വിധി സസ്‌പെൻഡ് ചെയ്യുകയോ സ്റ്റേ നൽകുകയോ ചെയ്താലേ രാഹുലിന് പാർല്ലമെന്റ് അംഗമായി തുടരാനാകൂവെന്നും മുതിർന്ന അഭിഭാഷകനും കേന്ദ്ര മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ
ന്യൂദൽഹി - മാനനഷ്ടക്കേസിൽ രണ്ടുവർഷത്തെ വിചിത്രമായ ജയിൽ ശിക്ഷ കോടതി വിധിച്ചപ്പോൾതന്നെ രാഹുൽ ഗാന്ധി സ്വയമേവ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതായി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനും കേന്ദ്ര മുൻ നിയമ മന്ത്രിയുമായ കപിൽ സിബൽ പറഞ്ഞു.
'കള്ളന്മാർക്കെല്ലാം മോദിയെന്ന പേര്' പരാമർശത്തിലായിരുന്നു സൂറത്ത് സി.ജെ.എം കോടതി രാഹുലിന് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചത്.
ശിക്ഷാവിധിയോടൊപ്പം 30 ദിവസത്തെ അപ്പീൽ ജാമ്യം രാഹുലിന് കോടതി അനുവദിച്ചതോടെ അദ്ദേഹത്തിന് ലോക്‌സഭയിൽ വരുന്നതിൽ തടസ്സമുണ്ടോ എന്ന് പലർക്കും സംശയങ്ങൾ ഉയർന്നിരുന്നു.
എന്നാൽ, വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നിലവിൽ അയോഗ്യനാണെന്ന് കോൺഗ്രസ് മുൻ നേതാവ് കൂടിയായ കപിൽ സിബൽ എം.പി വ്യക്തമാക്കി.
ഇനി ശിക്ഷ സസ്‌പെൻഡ് ചെയ്താൽ പോരാ, വിധി സസ്‌പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ രാഹുൽഗാന്ധിക്ക് പാർല്ലമെന്റ് അംഗമായി തുടരാനാകൂവെന്നും കപിൽ സബൽ ചൂണ്ടിക്കാട്ടി. സ്വാഭാവികമായും സ്പീക്കർക്ക് നിയമാനുസൃതം നീങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.