ബെംഗളൂരു - വെള്ളിയാഴ്ച രാത്രി ബെംഗളൂരിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ വിവാദ ഗോളിൽ പ്രതികരിച്ച് ബെംഗളൂരുവിന്റെ മുതിർന്ന താരം സുനിൽ ഛേത്രി രംഗത്ത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ നോക്കൗട്ട് മത്സരത്തിൽ താനെടുത്ത ഫ്രീ കിക്കിനെ സുനിൽ ഛേത്രി ന്യായീകരിച്ചു. റഫറിയോട് ചോദിച്ചാണ് കിക്കെടുത്തതെന്നും കേരളത്തിന്റെ ലൂണ അത് കേട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്നും സുനിൽ ഛേത്രി മത്സരത്തിനു ശേഷം പ്രതികരിച്ചു. 'മുഴക്കാൻ അദ്ദേഹത്തിനു വിസിലിന്റെയോ പ്ലയർ വാളിന്റെയോ ആവശ്യമില്ലെന്ന് റഫറി പറഞ്ഞു. ഞാൻ ചോദിച്ചു, ഉറപ്പാണോ എന്ന്. അദ്ദേഹം അതെ എന്ന് പറഞ്ഞു. ലൂണ അത് കേട്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നെ ഒരു തവണ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളി ബഹിഷ്‌കരിച്ചത് ശരിയായില്ലെ'ന്നും ഛേത്രി അഭിപ്രായപ്പട്ടു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില വഴങ്ങിയ മത്സരത്തിന്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഒരുങ്ങും മുമ്പേ അപ്രതീക്ഷിതമായി, സുനിൽ ഛേത്രി തൊടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കണ്ടെത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പകരക്കാരനായെത്തിയ ഛേത്രി 97-ാം മിനിട്ടിൽ നേടിയ വിവാദ ഗോളിനെതിരെ ബ്ലാസ്റ്റേഴ്‌സ് ടീം പ്രതികരിച്ചെങ്കിലും റഫറി വഴങ്ങിയില്ല. തങ്ങൾ തയ്യാറാവുന്നതിനു മുമ്പാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. അങ്ങനെ താരങ്ങൾ കളി ബഹിഷ്‌കരിച്ച് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽനിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു.
ബെംഗളൂരു ടീം അധികസമയം അവസാനിക്കും വരെയും കളത്തിൽ നിന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സെമിയിൽ മുംബൈ എഫ്.സിയാണ് ബെംഗളൂരുവിന്റെ എതിരാളികൾ.
സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചതിച്ചുവെന്ന വികാരമാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആവേശകരമായ ഒരു മത്സര മുഹൂർത്തമാണ് വിവാദത്തിലൂടെ കെടുത്തിയതെന്നും ആരാധകർ പറയുന്നു. ഛേത്രിയുടെ ഗോളിന്റെ ശരിതെറ്റുകളെച്ചൊല്ലിയും വ്യാപക ചർച്ചയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പ്രഫഷണൽ മത്സരങ്ങളിൽ ഇത്തരം ഗോളുകൾ അനുവദിച്ചതിന്റെയും നിഷേധിച്ചതിന്റെയും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പാറിനടക്കുകയാണ്. 2017-ൽ റയൽ മാഡ്രിഡ്-സെവിയ്യ മത്സരത്തിൽ റയൽ താരം നാച്ചോ നേടിയ ഗോൾ റഫറി അനുവദിച്ചപ്പോൾ എതിർ ടീം പ്രതിഷേധിച്ചതും, ലയണൽ മെസ്സിയുടെ ബാഴ്‌സയിലെ തുടക്കകാലത്ത് ഇത്തരമൊരു ഗോൾ നേടിയതിന് റഫറി മഞ്ഞക്കാർഡ് നൽകുന്നതിന്റെ വീഡിയോ ഉൾപ്പെടെയുള്ളവയും പ്രചരിക്കുന്നുണ്ട്.