Sorry, you need to enable JavaScript to visit this website.

വിവാദ ഗോളില്‍ പ്രതിഷേധം, ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടു

ബംഗളൂരു - ഐ.എസ്.എല്ലിന്റെ ആദ്യ പ്ലേഓഫിന് നാടകീയമായ അന്ത്യം. ബംഗളൂരു എഫ്.സി എക്‌സ്ട്രാ ടൈമില്‍ 0-1 ന് വിവാദ രീതിയില്‍ ലീഡ് നേടിയതില്‍ പ്രതിഷേധിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ച് ഗ്രൗണ്ട് വിട്ടു. ഗോളൊഴിഞ്ഞ നിശ്ചിത സമയത്തിനു ശേഷം എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. അതിവേഗത്തില്‍ എടുത്ത ഫ്രീകിക്ക് അനുവദിക്കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ശഠിച്ചു. എക്‌സ്ട്രാ ടൈമിന്റെ 30 മിനിറ്റ് കാത്തുനിന്ന ശേഷം റഫറി ഫൈനല്‍ വിസില്‍ മുഴക്കുകയും ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.  
തുടക്കം മുതല്‍ ബംഗളൂരു ആക്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പഴുതടച്ച പ്രതിരോധത്തിലൂടെ ഗോളിലേക്ക് വഴി കണ്ടെത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. റോയ് കൃഷ്ണയും ഹവിയര്‍ ഹെര്‍ണാണ്ടസിനെയും വരുതിയില്‍ നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പാടുപെട്ടു. ബംഗളൂരു ഗോള്‍മുഖത്ത് ഗുര്‍പ്രീത് സിംഗ് സന്ധുവിന് ഏതാണ്ട് വിശ്രമമായിരുന്നു. 
ഇടവേളക്കു ശേഷം ടീമുകള്‍ കൂടുതല്‍ ജാഗ്രത പാലിച്ചു. അതോടെ കളി വിരസമായി. ഏതാനും അവസരങ്ങള്‍ പിറന്നെങ്കിലും ഗോളൊഴിഞ്ഞു നിന്നു. 
എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു ബംഗളൂരുവിന്റെ ഗോള്‍. ഗോളി പ്രഭ്‌സുഖന്‍ ഗില്‍ സ്ഥാനം തെറ്റിനില്‍ക്കുന്നതു ശ്രദ്ധിച്ച ഛേത്രി നേരെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. 
രണ്ടാം പ്ലേഓഫില്‍ എ.ടി.കെ മോഹന്‍ബഗാനും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയും നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയും സെമി ഫൈനലിന് നേരിട്ട് യോഗ്യത നേടി.
 

Latest News