- ഇടത്-കോൺഗ്രസ് സഖ്യം അധാർമികമെന്ന് പറഞ്ഞ മമത, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നും ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു.
കൊൽക്കത്ത - വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. അടുത്ത വർഷം നടക്കാനുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നാണ് മമത ബാനർജി പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും അവർ പ്രഖ്യാപിച്ചു.
ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. സി.പി.എമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം. ബംഗാളിലെ സാഗർദിഗി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ബെയ്‌റോൺ ബിശ്വാസ് 22,980 വോട്ടുകൾക്ക് തൃണമൂൽ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതിന്റെ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മമതയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. സാഗർദിഗി സീറ്റിലെ മിന്നും വിജയത്തോടെ കോൺഗ്രസിന് ബംഗാൾ നിയമസഭയിൽ ആദ്യ എം.എൽ.എ ആയിരിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇടത്-കോൺഗ്രസ് സഖ്യം അധാർമികമെന്ന് പറഞ്ഞ മമത, ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസ്സും തമ്മിൽ വോട്ട് കൈമാറ്റം ചെയ്യുകയാണെന്നും ആരോപിച്ചു. 'ഇനി കോൺഗ്രസിന്റെയോ സി.പി.എമ്മിന്റെയോ വാക്കുകൾ കേൾക്കേണ്ടതില്ല. ബി.ജെ.പിക്കൊപ്പമുള്ളവരുമായി തൃണമൂൽ കൈകോർക്കില്ല. അവർ ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കാം, പക്ഷേ അവർ ധാർമികമായി പരാജയപ്പെട്ടു. ബി.ജെ.പിയും സി.പി.എമ്മും തങ്ങളെ സഹായിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് തന്നെ സമ്മതിച്ചു എന്നതാണ് തമാശ. സത്യം പറഞ്ഞതിന് നന്ദി. മമത ബാനർജിയെ പരാജയപ്പെടുത്താൻ അവർക്ക് ബി.ജെ.പിയുടെ സഹായം തേടേണ്ടി വന്നുവെന്നും അവർ ആരോപിച്ചു.
അതേസമയം, 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമതയുടെ തീരുമാനം പ്രതിപക്ഷ പാർട്ടികളുടെ ഐക്യ നീക്കത്തിന് കല്ലുകടിയായാണ് വിലയിരുത്തപ്പെടുക. എങ്കിലും മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക-ദേശീയ പാർട്ടികളെയെല്ലാം ബി.ജെ.പിക്കെതിരെ ഒരുമിച്ചുനിർത്തി മുന്നോട്ടു പോയാൽ ദേശീയ രാഷ്ട്രീയത്തിൽ സംഘപരിവാറിനെതിരെ മികച്ച മുന്നേറ്റം സാധ്യമാണെന്നാണ് വിവിധ പ്രതിപക്ഷ പാർട്ടികളുടെ കണക്കുകൂട്ടൽ.