ന്യൂദൽഹി - നിത്യോപയോഗ വസ്തുക്കളുടെ വിലവർധനവ് കൊണ്ടും ജനദ്രോഹ നയങ്ങളാലും പൊറുതി മുട്ടിയ ജനങ്ങൾക്ക് റീച്ചാർജ് ബാധ്യതകൾ അടിച്ചേൽപ്പിക്കാൻ രാജ്യത്തെ ടെലികോം കമ്പനികളും. ഇതനുസരിച്ച് രാജ്യത്തെ മൊബൈൽ ഫോൺ റീചാർജ് നിരക്കുകൾ ഉടൻ വർധിക്കും. ഭാരതി എയർടെലാണ് നിരക്കു വർധനയുടെ ആദ്യ വെടി പൊട്ടിച്ചത്. ജൂൺ മുതൽ പുതിയ വർധന നിലവിൽ വരുമെന്നാണ് ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമാണ്. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെല്ലിന് പിന്നാലെ മറ്റു റീചാർജ് കമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് വിവരം.
എയർടെൽ ജൂൺ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈൽ ഫോൺ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്തും. കഴിഞ്ഞ മാസം കമ്പനി എട്ട് സർക്കിളുകളിൽ 28 ദിവസത്തെ മിനിമം റീ ചാർജ്ജ് സേവന പ്ലാനിന്റെ എൻട്രിലെവൽ നിരക്ക് വർധിപ്പിച്ച് 155 രൂപയാക്കി ഉയർത്തിയിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റ് തൃപ്തികരമാണെങ്കിലും താരിഫ് വർധനവുണ്ടാകേണ്ടതുണ്ട്. ടെലികോം ബിസിനസിൽ, നിലവിൽ മൂലധനവരുമാനം കുറവാണെന്നും, ഈ വർഷം താരിഫ് വർധനവ് പ്രതീക്ഷിക്കണമെന്നും മിത്തൽ സൂചിപ്പിച്ചു. തിങ്കളാഴ്ച നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നിരക്ക് വർധനവിനെക്കുറിച്ച് മിത്തൽ പറഞ്ഞത്. രാജ്യത്ത് മിക്കതിനും വിലകൂടി. വാടക കൂടി, ശമ്പളം വർധിച്ചു ആർക്കും ഒന്നിനും പരാതിയില്ല. ഒന്നും നൽകാതെ ആളുകളിപ്പോഴും 30 ജിബി ഡാറ്റ ഉപയോഗിക്കുന്നുവെന്നും എയർടെല്ലിന് നിലവിൽ രാജ്യത്ത് വോഡഫോൺ ഐഡിയയുടെ പോലുള്ള സാഹചര്യമില്ലെന്നും മിത്തൽ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതേസമയം, ഭാരതി എയർടെല്ലിന്റഎ 5 ജി നെറ്റ്വർക്ക് ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും എയർടെൽ 5 ജി പ്ലസ് ലഭ്യമാണ്. 2024-ഓടെ മുഴുവൻ നഗരങ്ങളിലും ഗ്രാമങ്ങളിലും 5 ജി സേവനങ്ങൾ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 ജി സേവനങ്ങൾ തുടങ്ങി ഒരു മാസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കള നേടിയെന്നും എയർടെൽ അവകാശപ്പെടുമ്പോഴാണ് വർധനയ്ക്കായുള്ള തകൃതിയായ നീക്കം നടക്കുന്നത്.