കൊല്ലം - മോഷ്ടിക്കുന്ന വീടുകളിൽനിന്നെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസ് പിടിയിൽ. കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ നിരവധി കേസുകളിൽ പ്രതിയാണ് മൊട്ട ജോസ്.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 200 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസെന്ന് പോലീസ് പറഞ്ഞു. തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപം മോഷണത്തിന് എത്തിയപ്പോഴാണ് മൊട്ട ജോസിനെയും കുട്ടാളിയെയും പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
രാത്രി 10.30ഓടെ വീടിന്റെ മതിൽ ചാടി കടന്നാണ് സംഘത്തിന്റെ വരവ്. ഈ ദൃശ്യങ്ങൾ വീട്ടുടമയുടെ മൊബൈൽ ഫോണിൽ കിട്ടിയതോടെ വെസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ നോക്കിയ മൊട്ട ജോസിനെയും കൂടെയുണ്ടായിരുന്ന ആളെയും ഓടിച്ചാണ് പോലീസ് പിടികൂടിയത്.
മുന്നംഗം സംഘമാണ് മോഷണത്തിന് എത്തിയതെന്നും ഒരാൾ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും മൂന്നാമനെ പിടികൂടാനായില്ല.
കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിച്ചത്. മോഷണത്തിനു തെരഞ്ഞെടുത്ത വീടുകളിൽനിന്നെല്ലാം ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ പ്രതി മടങ്ങാറുള്ളൂവെന്ന് പോലീസ് പറഞ്ഞു.