ലണ്ടൻ - ഭാരത് ജോഡോ യാത്രയും കോൺഗ്രസ് പ്ലീനറിക്കും പിന്നാലെ പുതു ലുക്കുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീട്ടിവളർത്തിയ താടിയും മുടിയും മുറിച്ചുമാറ്റി ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്.
പുതിയ ലുക്കിൽ ക്ലീൻ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിൽ പ്രഭാഷണം നടത്താനാണ് രാഹുൽഗാന്ധി എത്തിയിട്ടുള്ളത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിലാണ് രാഹുൽ പ്രഭാഷണം നടത്തുക. ഇന്ത്യാ-ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും, 21-ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക എന്നി വിഷയങ്ങളിലും രാഹുൽ ഗാന്ധി പ്രഭാഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഒരാഴ്ചയാണ് ലണ്ടനിൽ അദ്ദേഹം പരിപാടികളിലുണ്ടാവുക.
2022 സെപ്തംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയും മുടിയും മുറിക്കാൻ രാഹുലിന് സമയം കിട്ടിയിരുന്നില്ല. പാർലമെന്റിലും കഴിഞ്ഞ ദിവസങ്ങളിൽ റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ജോഡോ താടിയിലാണ് എത്തിയിരുന്നത്. എന്തായാലും കേംബ്രിഡ്ജ് ക്യാമ്പസിൽ കൂടുതൽ കുട്ടപ്പനായാണ് രാഹുൽ എത്തിയത്.