(ചാവക്കാട്) തൃശൂർ - ചാവക്കാട് ദേശീയപാതയിൽ കാറും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് (40) മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ ആറോടെ എടക്കഴിയൂർ പഞ്ചവടിയിലാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടന്ന തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി അബൂബക്കർ(45), കാൽനട യാത്രക്കാരനായ പഞ്ചവടിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ചന്ദ്രഹാസൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ്, എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ എന്നിവർ ചേർന്ന് ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.