ബെംഗളൂരു - വരും തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ജയസാധ്യതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസും ആം ആദ്മിയും നരേന്ദ്ര മോദിക്കു നേരെ എത്ര ചെളി എറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബിദർ ജില്ലയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയ് സങ്കൽപ് രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം. അതിനാൽ, നിങ്ങൾ മോദിക്ക് നേരെ എത്ര ചെളി എറിയുന്നുവോ അത്രത്തോളം താമര വിരിയും. പ്രധാനമന്ത്രിയെ എത്ര അധിക്ഷേപിച്ചാലും നേതാക്കൾ വിജയിക്കില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പേരെടുത്തു പറഞ്ഞ് അമിത് ഷാ വിമർശിച്ചു.
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടിയുടെ വിജയത്തിന് പിന്നിൽ മോദിയുടെ പ്രയത്‌നമാണെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദിയുടെ നാശത്തിനായി മുദ്രാവാക്യം ഉയർത്തുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹമുളള മോദിക്ക് ഒന്നും സംഭവിക്കില്ല. നിങ്ങൾ ടെലസ്‌കോപ്പ് ഉപയോഗിച്ച് തെരഞ്ഞാൽ പോലും കാണാനാകാത്ത വിധം ദയനീയ തോൽവിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിട്ടത്. ത്രിപുരയിൽ നാല് സീറ്റും മേഘാലയയിൽ മൂന്ന് സീറ്റും ലഭിച്ചപ്പോൾ നാഗാലാൻഡിൽ അവർ സംപൂജ്യരാണ്. അങ്ങനെയൊരു പാർട്ടിക്ക് കർണാടകയിൽ അധികാരത്തിലെത്താൻ സാധിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.