Sorry, you need to enable JavaScript to visit this website.

ഒരു കുത്ത് തന്നു പോകുമോ,ഫേസ് ബുക്കില്‍ കുത്തിനു വേണ്ടി നിലവിളി; എന്താണ് യാഥാര്‍ഥ്യം

പോസ്റ്റുകള്‍ സുഹൃത്തുക്കള്‍ കാണുന്നില്ലെന്നും എല്ലാവരും കുത്തെങ്കിലും തന്ന് സഹായിക്കണമെന്നുമുള്ള നിലവിളിയാണ് ഫേസ്ബുക്കില്‍. കുത്തിനുവേണ്ടിയുള്ള അഭ്യര്‍ഥന വായിച്ചുമടുത്തുവെന്ന് പരാതിപ്പെടുന്നവരും ധാരാളം.
ഫേസ്ബുക്ക് അല്‍ഗോരിതമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും കാര്യമായിട്ടെഴുതിയ പോസ്റ്റുകള്‍ക്കു പോലും റീച്ച് ലഭിക്കുന്നില്ലെന്നുമില്ലെന്നും പരാതി പോസ്റ്റുകള്‍ ഇടുന്നവര്‍ പറയുന്നു. പോസ്റ്റ് കാണുന്നവര്‍ ലൈക്കടിക്കുകയും ചുരുങ്ങിയത് ഒരു കുത്തെങ്കിലും കമന്റായി നല്‍കുകയും ചെയ്താല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും ഫേസ്ബുക്ക് ഉപയോക്താക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍  ഫേസ്ബുക്ക് അല്‍ഗോരിതത്തെ കുറിച്ച് കൂടുതല്‍  മനസ്സിലാക്കാനുണ്ട്.
ലോകത്തിന്റെ നാലിലൊന്ന് (1.9 ബില്യണ്‍ ആളുകള്‍) ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. രസകരവും പ്രസക്തവും ആസ്വാദ്യകരവുമായ ഉള്ളടക്കത്തിനായാണ് ഉപയോക്താക്കള്‍ ഫേസ് ബുക്കില്‍ തിരയുന്നത്. 200 ദശലക്ഷത്തിലധികം ബിസിനസ്സുകാരും ഫേസ്ബുക്ക്  ഉപയോഗിക്കുന്നുണ്ട്.  ബിസിനസുകാരില്‍ 93 ശതമാനവും തങ്ങളുടെ  ബ്രാന്‍ഡുകള്‍ വളര്‍ത്താനുള്ള മാധ്യമമായി ഫേസ്ബുക്കിനെ കാണുന്നു.  
നിങ്ങള്‍ ആരായാലും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ വിജയം കൈവരിക്കാന്‍ അതിന്റെ അല്‍ഗോരിതത്തില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നതാണ് പുതിയ സാഹചര്യം.
2006ല്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡ് ആരംഭിച്ചതിന് ശേഷം ഫേസ് ബുക്ക് അല്‍ഗോരിതത്തില്‍ ഏകദേശം 70 മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫേസ് ബുക്ക് വഴിയുള്ള മാര്‍ക്കറ്റിംഗ് വിജയിപ്പിക്കണമെങ്കില്‍  അല്‍ഗോരിതത്തെ കുറിച്ചു കൂടി പഠിക്കാന്‍ നിര്‍ബന്ധിതരാണ്.  കൂടുതല്‍ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ പഠിച്ചേ തീരൂഎന്ന് ബിസിനസ് സമൂഹം മനസ്സിലാക്കുന്നുമുണ്ട്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെത്തുന്ന ഉപയോക്താക്കളെ കൂടുതല്‍ രസകരമായ ഉള്ളടക്കം കാണിച്ച് അവരെ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നേരം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഫേസ് ബുക്ക് ന്യൂസ് ഫീഡ് അല്‍ഗോരിതം സൃഷ്ടിച്ചത്. അതിനാല്‍ സ്വാഭാവികമായും ഉപയോക്താക്കള്‍ വിലമതിക്കുന്നതിനെ അല്‍ഗോരിതവും വിലമതിക്കുന്നു. ന്യൂസ് ഫീഡ് പിന്നീട് ഫീഡ് അറിയപ്പെട്ടുവെങ്കിലും ഒന്നു തന്നെയാണ്.  അര്‍ഥവത്തും വിജ്ഞാനപ്രദവുമായ കഥകള്‍, കൃത്യവും ആധികാരികവുമായ ഉള്ളടക്കം എന്നിവയോടൊപ്പം സുരക്ഷിതവും മാന്യവുമായ പെരുമാറ്റവും ഫേസ് ബുക്ക് അല്‍ഗോരിതത്തില്‍  പ്രധാനമാണ്.
വ്യക്തിഗത ഉപയോക്താവിന്റെ പെരുമാറ്റത്തില്‍നിന്നാണ് ന്യൂസ് ഫീഡ് അല്‍ഗോരിതത്തിന്റെ പഠനം ആരംഭിക്കുന്നത്.  അതിനാല്‍ എല്ലാവരുടെയും ന്യൂസ് ഫീഡ് വ്യത്യസ്തമായി കാണപ്പെടുന്നു. ഏത് ഉള്ളടക്കമാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നും അവ നിങ്ങളുടെ ഫീഡ് എങ്ങനെ ക്രമീകരിക്കണമെന്നും നിര്‍ണയിക്കാന്‍ അല്‍ഗോരിതം നാല് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
നിങ്ങളുടെ ഫീഡില്‍ ദൃശ്യമാകാന്‍ സാധ്യതയുള്ള എല്ലാ ഉള്ളടക്കവും അല്‍ഗോരിതം നോക്കുന്നു എന്നതാണ്  ഇന്‍വെന്ററി എടുക്കുന്ന പ്രഥമ ഘട്ടം.  അതായത് നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സൃഷ്ടിച്ച പോസ്റ്റുകള്‍, പരസ്യങ്ങള്‍, നിങ്ങള്‍ പിന്തുടരുന്ന പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ എന്നിവയാണ് പരിശോധിക്കപ്പെടുന്നത്.
ഉപയോക്താവിന് ഒരു ഉള്ളടക്കം എത്രത്തോളം പ്രസക്തമാണെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു കൂട്ടം സൂചനകളാണ് രണ്ടാമതായി അല്‍ഗോരിതം നോക്കുന്നത്. പോസ്റ്റ് ചെയ്തത് എപ്പോള്‍, ആരാണ് പോസ്റ്റ് ചെയ്തത്,  പോസ്റ്റമായി നിങ്ങള്‍ എത്രമാത്രം ഇടപഴകുന്നു, ഏത് തരത്തിലുള്ള ഉള്ളടക്കമാണ് (ഉദാ. ലിങ്ക്, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ), സമാന പോസ്റ്റുകളുമായി നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു, സ്‌ക്രോള്‍ ചെയ്യാന്‍ എത്ര സമയം ഉപയോഗിക്കുന്നു,  നിങ്ങളുടെ ഇന്റര്‍നെറ്റ് കണക് ഷന്റെ വേഗത എന്നിവയൊക്കെ പരിഗണിക്കപ്പെടുന്നു.  
നിങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുകയും നിങ്ങള്‍ നല്‍കുന്ന സൂചനകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കണ്ടെത്താനും അല്‍ഗോരിതത്തിനു സാധിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഉറ്റ ചങ്ങാതിമാരുടെ പോസ്റ്റുമായി നിങ്ങള്‍ നിരന്തരം ഇടപഴകുകയും അവര്‍ നിങ്ങളെ ധാരാളം കമന്റുകളിലും ഫോട്ടോകളിലും ടാഗ് ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ഉറ്റ ചങ്ങാതിയില്‍ നിന്നുള്ള ഉള്ളടക്കം കാണാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതായി അല്‍ഗരിതം മനസ്സിലാക്കും.
അതുപോലെ, നിങ്ങള്‍ ഉച്ചതിരിഞ്ഞ് ഷോപ്പിംഗ് ഇഷ്ടപ്പെടുകയും  ആ സമയത്ത് കൂടുതല്‍ ബ്രാന്‍ഡഡ് പോസ്റ്റുകളോട് പ്രതികരിക്കുകയും ചെയ്യുന്നുവെങ്കില്‍ ആ സമയത്ത് കൂടുതല്‍ ബ്രാന്‍ഡഡ് പോസ്റ്റുകള്‍ കാണിക്കുന്നതിന് അല്‍ഗോരിതം  അത് ഒരു സൂചകമായി ഉപയോഗിക്കും.
നിങ്ങളുടെ മുന്‍ഗണനകള്‍ ഇരുമ്പുലക്കയല്ലെന്നും മാറാമെന്നും അല്‍ഗോരിതത്തിന് അറിയാം. അതിനാല്‍ അത് നിങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് തുടര്‍ച്ചയായി പഠിക്കുകയും നിങ്ങളുടെ മുന്‍ഗണനകള്‍ മാറിയെന്ന് സൂചിപ്പിക്കുന്ന സിഗ്‌നലുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.
നിങ്ങളില്‍നിന്നുള്ള ഓരോ സിഗ്‌നലും സൂചനകളും പ്രവചനങ്ങള്‍ നടത്താനാണ് അല്‍ഗോരിതം ഉപയോഗിക്കുന്നത്. നിങ്ങള്‍ പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കാണുന്നുണ്ടെങ്കില്‍ അല്‍ഗോരിതം അതു മനസ്സിലാക്കും. ഇലകള്‍ എങ്ങനെ ട്രിം ചെയ്യാം അല്ലെങ്കില്‍ എങ്ങനെ കമ്പോസ്റ്റ് ഉണ്ടാക്കാം തുടങ്ങിയവ കാണിക്കുന്ന വീഡിയോകള്‍ നിങ്ങള്‍ക്ക് എത്രത്തോളം പ്രസക്തമാണെന്ന് പ്രവചിക്കാന്‍ ഈ സിഗ്‌നലുകള്‍ ഉപയോഗിക്കും.
ഇതുപോലെ എന്തെങ്കിലും കമന്റിടാനോ അടിക്കുറിപ്പ് വായിക്കാനോ വീഡിയോ കാണാനോ കഥ ആസ്വദിക്കാനോ നിങ്ങള്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഫീഡ് അല്‍ഗോരിതം ശ്രമിക്കും. നിങ്ങള്‍ ഇതിനകം സംവദിച്ച ഉള്ളടക്ക ഇനങ്ങളും  വിഷയങ്ങളും വിശകലനം ചെയ്യുന്നതിലൂടെയും നിങ്ങളുടെ മുന്‍കാല പെരുമാറ്റം വിലയിരുത്താന്‍ കഴിയും.
എല്ലാത്തിനുമുപരി, അല്‍ഗോരിതം ഓരോ ഉള്ളടക്കത്തിനും ഒരു സ്‌കോര്‍ നല്‍കുകയാണ്. ഉയര്‍ന്ന സ്‌കോറുകളുള്ള ഉള്ളടക്കം നിങ്ങളുടെ ഫീഡിന്റെ മുകളില്‍ കാണിക്കുന്നു.
ധാരാളം ലൈക്കുകളും കമന്റുകളും ഷെയറുകളും ഉള്ള പോസ്റ്റുകളാണ്  ഫേസ് ബുക്ക് ഇഷ്ടപ്പെടുന്നത്.  ഒരു പോസ്റ്റിന്റെ പ്രസക്തി നിര്‍ണ്ണയിക്കാന്‍ അല്‍ഗോരിതം ഉപയോഗിക്കുന്ന സിഗ്‌നലുകളാണ് ഈ ഇടപെടലുകള്‍. പ്രസക്തമായ സ്‌റ്റോറികളാണെന്നും നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് അത് ഇഷ്ടമാണെന്നും അല്‍ഗോരിതത്തിനു തോന്നണം.
എല്ലാ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്ന ഉള്ളടക്കം  വീഡിയോ ആയി മാറിയിട്ടുണ്ട്.  ഫേസ്ബുക്കും യഥാര്‍ത്ഥത്തില്‍ വീഡിയോ ഉള്ളടക്കം ഇഷ്ടപ്പെടുന്നു. ഇടപഴകല്‍ വര്‍ദ്ധിപ്പിക്കാനും പ്രസക്തിയുള്ള സിഗ്‌നലുകള്‍ അയക്കാനും സാഹയകമാകുമെന്നതിനാല്‍ വീഡിയോ ഉള്ളടക്കം കൂടുതലായി ഉപയോഗിക്കുക. കമ്മ്യൂണിറ്റിയിലേക്ക് സംഭാവന ചെയ്യുകയും അര്‍ത്ഥവത്തായ ഇടപെടലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ആധികാരിക അക്കൗണ്ടുകളാണ് ഫേസ്ബുക്ക് ഇഷ്ടപ്പെടുന്നത് എന്നു കൂടി മനസ്സിലാക്കുക.

 

 

Latest News