Sorry, you need to enable JavaScript to visit this website.

VIDEO പാകിസ്ഥാനില്‍ ആട്ട കിട്ടാന്‍ പോരാട്ടം; വരിനിന്നവരെ ഓവുചാലില്‍ തള്ളിയിട്ടു

ഇസ്ലാമാബാദ്- ഭക്ഷ്യപ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ അധികൃതര്‍ വിതരണം ചെയ്യുന്ന ആട്ടക്കായി (ഗോതമ്പുമാവ്) ക്യൂ നില്‍ക്കുന്നവരില്‍ ഒരാള്‍ മറ്റൊരാളെ മലിന ജലത്തിലേക്ക് തള്ളിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആട്ട വാങ്ങാനായി ഒരാള്‍ മറ്റൊരാളെ തുറന്ന ഓവുചാലിലേക്ക് തള്ളിയിടുന്നതും പിന്നീട് അയാള്‍ തിരിഞ്ഞ് മറ്റൊരാളെ തള്ളാന്‍ ശ്രമിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലുള്ളത്.
ഗോതമ്പ് മാവ് ലഭിക്കാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. രാജ്യത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഗോതമ്പിന്റെയും ആട്ടയുടെയും വില കുതിച്ചുയര്‍ന്നത്. വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.
കറാച്ചിയില്‍ ഗോതമ്പ് മാവ് വില കിലോഗ്രാമിന് 140 രൂപ മുതല്‍ 160 രൂപ വരെയാണ്. ഇസ്ലാമാബാദിലും പെഷവാറിലും, 10 കിലോഗ്രാം മാവ് 1,500 രൂപക്കും 20 കിലോഗ്രാം മാവ് 2,800 രൂപക്കുമാണ് വില്‍ക്കുന്നത്. പണപ്പെരുപ്പത്തിന്റെയും ഭക്ഷ്യപ്രതിസന്ധിയുടേയും അനന്തരഫലങ്ങളാണ് പാകിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ മില്ലുടമകള്‍ ഗോതമ്പ് മാവിന്റെ വില കിലോഗ്രാമിന് 160 രൂപയായി ഉയര്‍ത്തി. പ്രവിശ്യയിലെ ഗോതമ്പ് സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നിരിക്കയാണെന്ന് ബലൂചിസ്ഥാനിലെ ഭക്ഷ്യ മന്ത്രി സമാറക് അചക്‌സായി പറഞ്ഞു. ബലൂചിസ്ഥാന് അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും അല്ലാത്തപക്ഷം പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 20 കിലോഗ്രാം ഗോതമ്പ് മാവ് 3100 രൂപയ്ക്ക് വില്‍ക്കുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയും എക്കാലത്തെയും രൂക്ഷമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പാക് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News