ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബോധിപ്പിച്ച് പ്രതി. പരാതിക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്ന് പ്രതി ശങ്കര്‍ മിശ്രക്ക് വേണ്ടി അഭിഭാഷകന്‍ ദല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു.
പരാതിക്കാരി സീറ്റ് ബ്ലോക്ക് ചെയ്തതിനാല്‍ മിശ്രക്ക് അങ്ങോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീക്ക് മൂത്രവാര്‍ച്ചയുടെ പ്രശ്‌നമുണ്ടെന്നും അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നും അഭിഭാഷകന്‍ പറഞ്ഞു. യാത്രക്കാരി കഥക് നര്‍ത്തകിയാണെന്നും 80 ശതമാനം കഥക് നര്‍ത്തകിമര്‍ക്കും ഈ പ്രശ്‌നമുണ്ടെന്ന വാദവും ഉന്നയിച്ചു.
ശങ്കര്‍ മിശ്രയെ പോലീസ് കസ്റ്റഡിയില്‍ വിടാനുള്ള ആവശ്യം നിഷേധിച്ച ജനുവരി ഏഴിലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ദല്‍ഹി പോലീസ് നല്‍കിയ റിവിഷന്‍ ഹരജിയിലാണ് സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം പുനരാരംഭിച്ചത്.
വിമാനത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാന്‍ സാധ്യമല്ലെന്ന അഭിഭാഷകന്റെ വാദം സെഷന്‍സ് ജഡ്ജി അംഗീകരിച്ചില്ല. ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ ഡയഗ്രം ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിമാനത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാന്‍ കഴിയും. ക്ഷമിക്കണം, ഞാനും യാത്ര ചെയ്തിട്ടുണ്ട്. ഏത് നിരയില്‍ നിന്നുമുള്ള ആര്‍ക്കും ഏത് ഇരിപ്പിടത്തിലേക്കും പോകാം- ജഡ്ജി പറഞ്ഞു.
നവംബര്‍ 26 നാണ് ന്യൂയോര്‍ക്കില്‍നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് വിവാദ സംഭവം. മദ്യപിച്ച സഹായാത്രികന്‍ തന്റെമേല്‍ മൂത്രമൊഴിച്ചുവെന്ന് 70 വയസ്സായ സ്ത്രീയാണ് പരാതിപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് മേധാവി എന്‍ ചന്ദ്രശേഖരന് കത്തെഴുതുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ യു.എസ് സാമ്പത്തിക സേവന കമ്പനിയായ വെല്‍സ് ഫാര്‍ഗോ ഈ മാസം ആദ്യം മിശ്രയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
കഴിഞ്ഞയാഴ്ച ദല്‍ഹി പോലീസ് സംഘം ബംഗളൂരുവിലെത്തിയാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.
അതിനിടെ, നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ദല്‍ഹി വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)