ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിതനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി മര്‍ദിച്ചു. ഉത്തരകാശി ജില്ലയില്‍ മോറി ഏരിയയിലെ സല്‍റ ഗ്രാമത്തിലാണ് സംഭവം. ബൈനോള്‍ ഗ്രാമവാസിയും 22 കാരനുമായ ആയുഷിനാണ് മര്‍ദനമേറ്റത്. പ്രാര്‍ഥനക്കായി ക്ഷേത്രത്തില്‍ കയറിയ യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തില്‍വച്ച് ഉന്നതവര്‍ഗത്തില്‍പ്പെട്ട ചിലര്‍ തന്നെ ആക്രമിക്കുകയും കെട്ടിയിട്ട് ചൂടാക്കിയ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് തല്ലുകയും ചെയ്തതായി യുവാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ആയുഷിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ദളിതനായ താന്‍ ക്ഷേത്രത്തില്‍ കയറിയതാണ് ഉന്നത ജാതിക്കാരുടെ പ്രകോപനത്തിനും മര്‍ദനത്തിനും കാരണമെന്ന് ആയുഷ് പരാതിയില്‍ പറയുന്നു. ആയുഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗ്രാമീണര്‍ക്കെതിരെ എസ്‌സി/എസ്ടി നിയമ പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവന്‍ഷി പറഞ്ഞു.
സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)