Sorry, you need to enable JavaScript to visit this website.

കല്യാണം കഴിഞ്ഞ് ഒന്നര മാസം, ഗര്‍ഭത്തിനു രണ്ട് മാസം; അടി,വെടി,കലാപം കച്ചറ

കോഴിക്കോട്- ഓള് ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഓനുണ്ടായ ഒടുക്കത്തെ ഡൗട്ട് തീര്‍ന്നു കിട്ടിയതിനെ കുറിച്ച് വിശദീകരിച്ചിരിക്കയാണ് ആരോഗ്യ സംബന്ധമായ പോസ്റ്റുകളിലൂടെ ബോധവല്‍ക്കരണം നടത്തുന്ന ഡോ.ഷിംന അസീസ്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
നാലഞ്ച് വര്‍ഷം മുന്‍പ് എഴുതിയിട്ടൊരു പോസ്റ്റിനെക്കുറിച്ച് സംസാരിച്ച് പരിചയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്. വിശേഷങ്ങളൊക്കെ ഓടി വന്ന് പറയുന്നവള്‍, ഞങ്ങള്‍ പരിചയപ്പെട്ടതും ഒരു 'വിശേഷത്തിന്റെ വിശേഷം' പറഞ്ഞാണ്.
കല്യാണം കഴിഞ്ഞിട്ട് ഒന്നരമാസം. ഓള് ഗര്‍ഭിണിയായി, ആദ്യസ്‌കാന്‍ കഴിഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ രണ്ട് മാസം പ്രായമുള്ള ഗര്‍ഭം. പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം...!!!
ഇത്തരത്തില്‍ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. പലപ്പോഴും പുതുമണവാട്ടികള്‍, അല്ലെങ്കില്‍ ജോലിസംബന്ധമായും മറ്റും മാറി നില്‍ക്കുന്ന പങ്കാളി ഒക്കെയുള്ളിടത്താണ് കണ്‍ഫ്യൂഷന്‍ സംഭവിക്കുന്നത്. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന്  മനസ്സിലാവില്ല. ഈ പെണ്‍കുട്ടിയും അത്തരത്തില്‍ ഒരാളായിരുന്നു. വിവാഹജീവിതത്തിനേക്കാള്‍ പ്രായമുള്ള കുഞ്ഞിന്റെ അമ്മ.
ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്. ശരാശരി 28 ദിവസത്തിനടുത്ത് ദൈര്‍ഘ്യം ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂനടുത്ത് സമയം ബീജത്തെയും കാത്തിരിക്കും.
ഒരുദാഹരണത്തിന് ജനുവരി 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി ജനുവരി 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ ജനുവരി 1 തൊട്ടാകും. ഫലത്തില്‍, കുട്ടിയെ 'വന്നപ്പോള്‍ കൊണ്ടു വന്നു' എന്ന് ആരോപിക്കപ്പെടാം. കൂട്ടുകാരിയും ഇത്തരത്തില്‍ ആരോപിതയായി, വീട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടപ്പെട്ടു. കുഞ്ഞ് അയാളുടേത് തന്നെയാണ് എന്നവള്‍ ആവതും പറഞ്ഞു, ഒരാളും കേട്ടില്ല.
ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ പൊതുവേ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ ഘങജ (ഘമേെ ങലിേെൃൗമഹ ജലൃശീറ) വെച്ച് ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ സ്‌കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്‍പം കുറവായിരിക്കും.
അവള്‍ക്ക് തിരികെ അവളുടെ വീട്ടില്‍ വന്നു നില്‍ക്കേണ്ടി വന്നു, വൈകാതെ ആ കുഞ്ഞിനു ജന്മം കൊടുത്തു. ഇതിനിടക്ക് കേസും പുക്കാറുമായി. പങ്കാളി കോടതിയില്‍ ഡിഎന്‍എ ടെസ്റ്റിന് അപേക്ഷ നല്‍കി. കുഞ്ഞിനെ പ്രതിനിധീകരിച്ച് കോടതിയില്‍ അപ്പിയര്‍ ചെയ്ത അമ്മക്ക് വിരോധമില്ലാത്തതിനാല്‍ ഡിഎന്‍എ ടെസ്റ്റ് എന്ന ഓപ്ഷന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇന്ന് ആ കുഞ്ഞിന് വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു. പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍ട്ട് ഈയടുത്ത ദിവസം വന്നു.
അത് വരുന്ന ദിവസം വരെ അവള്‍ ടെന്‍ഷനിലായിരുന്നു, ''എനിക്ക് പേടിയാകുന്നു. ആളുകളുടെ ഡിഎന്‍എ എങ്ങനെയെങ്കിലും  മാറ്റാന്‍ പറ്റുമോ, അതിനു വല്ല വഴിയുമുണ്ടോ ഇത്താ...' എന്ന് വരെ അവള്‍ ചോദിച്ചു. അവള്‍ക്ക്  കുറെ കാലം ഗൂഗിളില്‍ ഇത് തപ്പുന്ന പണിയായിരുന്നു. പഠിച്ച് ഒരു ജോലി നേടിയ പെണ്ണാണ്, സ്വന്തം കാലില്‍ നിന്ന ചങ്കൂറ്റം ഉള്ളവളാണ്, എന്നിട്ടും പലപ്പോഴും അവള്‍ പതറിപ്പോയി. അപ്പോഴെല്ലാം ഓടി വന്ന് കൈ പിടിച്ച് ശങ്കയെല്ലാം ഇറക്കിവച്ച് പകരം ധൈര്യം വാങ്ങി തിരികെപ്പോയി.
ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് അയാളുടേത് തന്നെ എന്നെഴുതിയ ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍റ്റ് കടലാസ് എനിക്കയച്ച് അവള്‍ പറഞ്ഞു ''അവന്റെ ഒടുക്കത്തെ ഡൌട്ട് തീര്‍ന്നു കിട്ടി, അത് തന്നെ വല്യ കാര്യം. ഇനി ആത്മാഭിമാനത്തോടെ രണ്ട് വഴിക്ക് പിരിയാം...'
ശാസ്ത്രം കൊടുത്ത ചോദ്യത്തിന് ശാസ്ത്രത്തിലൂടെ തന്നെ അവള്‍ ഉറച്ച ഉത്തരം പറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ സൗഹൃദവും...

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News