ഹൃദയം മിടിക്കാതെ 50 മിനുറ്റ്, എന്നിട്ടും  യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി 

ലണ്ടന്‍-ജീവന്‍ അപഹരിക്കുന്നതില്‍ പ്രധാനസ്ഥാനം വഹിക്കുന്ന ആരോഗ്യ പ്രശ്നമാണ് ഹൃദയസ്തംഭനം. ഹൃദയസ്തംഭനമുണ്ടായാല്‍ രണ്ട് മിനിട്ടിനകം തന്നെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമം ആരംഭിക്കണം. സമയം വൈകുംതോറും ആരോഗ്യനില തകരാറിലാകാനും ജീവന് വരെ ഭീഷണിയാകാനും സാദ്ധ്യതയേറും. ഇത്തരത്തില്‍ ഏറെനേരം ഹൃദയസ്തംഭനം സംഭവിച്ചിട്ടും ഒരു യുവാവ് ജീവിതത്തിലേക്ക് തിരികെവന്നതാണ് ഇംഗ്‌ളണ്ടിലെ സൗത്ത് യോര്‍ക്ഷെയറില്‍ നിന്നുള്ള വിശേഷം. 31കാരനായ ബെന്‍ വില്‍സണാണ് 50 മിനിട്ടോളം ഹൃദയം മിടിക്കാതെയിരുന്നിട്ടും ആശുപത്രിയിലെത്തിച്ചതോടെ രക്ഷപ്പെട്ടത്. തന്റെ കാമുകി റെബേക്ക ഹോംസിനൊപ്പം വീട്ടിലിരിക്കെയാണ് ബെന്നിന് ഹൃദയസ്തംഭനമുണ്ടായത്. ഉടന്‍ തന്നെ റെബേക്ക സിപിആര്‍ നല്‍കി. നില മെച്ചപ്പെടുന്നില്ലെന്ന് കണ്ടതോടെ വൈദ്യസഹായം തേടി. നഴ്സുമാര്‍ 40 മിനിട്ടിനിടെ 11 തവണ ഷോക്ക് നല്‍കിയാണ് ബെന്നിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവന്നത്. പിന്നീടും ഹൃദയസ്തംഭനമുണ്ടായതോടെ 10 മിനിട്ടിനിടെ ആറ് തവണ കൂടി ഷോക്ക് നല്‍കി. പിന്നീട് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീടും വിവിധ ആരോഗ്യപ്രശ്നമുണ്ടായതോടെ ബെന്നിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍ അഞ്ച് ആഴ്ചയോളം കോമാവസ്ഥയില്‍ നിന്ന ശേഷം ബെന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇപ്പോള്‍ ആരോഗ്യകരമായ ജീവിതത്തിലേക്ക് ബെന്‍ തിരിച്ചുവന്നിരിക്കുകയാണ്.

Latest News