പാലക്കാട്- പൊറോട്ടയ്‌ക്കൊപ്പം ബീഫ് കൂടിയായാല്‍ മികച്ച കോംബിനേഷനാണെന്നാണ് മലയാളി സങ്കല്‍പം. യുവത്വം രാത്രി ഭക്ഷണമായി മിക്കപ്പോഴും പൊറോട്ടയും ബീഫും തെരഞ്ഞെടുക്കുന്നതിന് പിന്നിലും ഇതിന്റെ പ്രത്യേക രുചി കാരണമാണ്. അതേസമയം, ആരോഗ്യപരമായി ഈ കോംബിനേഷന്‍ അത്ര നന്നല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വയറുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ കേരളത്തില്‍ ഇപ്പോള്‍ വ്യാപകമാവുകയാണ്. കൂടുതലും ചെറുപ്പക്കാരായ യുവാക്കളിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടെത്തിയതോടെയാണ് കഴിക്കുന്ന ആഹാരത്തിനെ കുറിച്ചുള്ള പഠനം നടന്നത്. കുടലിലും പാന്‍ക്രിയാസ് ഗ്രന്ഥിയിലുമുണ്ടാവുന്ന കാന്‍സറിന്റെ മുഖ്യകാരണം ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നതാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുവാനും ചുവന്ന ഇറച്ചികഴിക്കുന്നത് കാരണമായിത്തീരും. കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവാനുള്ള സാദ്ധ്യത ബീഫ് അധികമായി കഴിക്കുന്നവരിലുണ്ട്.
പൊണ്ണത്തടി യുവത്വത്തിന് ശാപമായി തീരുന്ന കാഴ്ചയാണ് നമുക്ക് ചുറ്റിലും. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും, വ്യായാമരഹിത ജീവിതം കൂടിയാവുമ്പോള്‍ പൊണ്ണത്തടി തല പൊക്കിതുടങ്ങും. എന്നാല്‍ പൊണ്ണത്തടിയ്ക്ക് പിന്നാലെ ശരീരത്തില്‍ കുടിയേറുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ബീഫ് കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നതിന് കാരണമായി തീരാറുണ്ട്. ഇത് കാലക്രമേണ ഹൃദ്രോഗത്തിന് കാരണമാവാം.
കൊളസ്ട്രോള്‍, പ്രമേഹം പോലെ ഫാറ്റിലിവറും ഇന്ന് സര്‍വ്വസാധാരണമായ അസുഖമായി മാറിയിരിക്കുകയാണ്. മദ്യപിക്കാത്തവരില്‍ കരള്‍ രോഗങ്ങള്‍ വ്യാപകമാക്കുന്നതില്‍ ബീഫുള്‍പ്പടെയുള്ള ചുവന്ന ഇറച്ചിക്ക് പങ്കുണ്ട്. ബീഫിനൊപ്പം പൊറോട്ടകൂടി കഴിക്കുന്നത് അപകട സാദ്ധ്യത ഇരട്ടിയാക്കുന്നു. നാരുകള്‍ തലോം കുറഞ്ഞ പൊറോട്ട ദഹിപ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നു. ഇതു കൂടാതെ പൊറോട്ടയുണ്ടാക്കമ്പോള്‍ മൃദുത്വം ലഭിക്കുവാനായി ഉപയോഗിക്കുന്ന വനസ്പതിയും, എണ്ണയും ശരീരത്തിന് വരുത്തുന്ന വിപത്ത് വേറെ. പൊറോട്ടയും ബീഫും പ്രത്യേകിച്ച് രാത്രിഭക്ഷണമായി ഉപയോഗിക്കുന്ന ശീലം പെട്ടെന്ന് ഉപേക്ഷിക്കുന്നതാണ് ഉചിതം.