ന്യൂദല്‍ഹി- ദല്‍ഹിയില്‍നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലുണ്ടായ വ്യാജ ബോംബ് ഭീഷണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. മണാലിയില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടികള്‍ പൂനെയിലേക്ക് വിമാനം കയറാതാക്കുകയായിരുന്നു വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വിമാനം റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. രണ്ടു സുഹൃത്തുക്കള്‍ മണാലിയില്‍നിന്ന് വിളിച്ചു പറഞ്ഞതനുസരിച്ച് ഫോണില്‍ വ്യാജ ബോംബ് സന്ദേശം നല്‍കിയ യുവാവാണ് അറസ്റ്റിലായത്. രണ്ടു പേര്‍ക്കായി അന്വേഷണം തുടരുന്നു.
ജനുവരി 11ന് സ്‌പൈസ്‌ജെറ്റ് വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സ്‌പൈസ് ജെറ്റിന്റെ കോള്‍ സെന്ററിലേക്ക് വ്യാജ ബോംബ് ഫോണ്‍ സന്ദേശം നല്‍കാനായി വിളിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റ് അഭിനവ് പ്രകാശിനെ അറസ്റ്റ് ചെയ്തതായി ഐജിഐ എയര്‍പോര്‍ട്ട് ഡി.സി.പി രവികുമാര്‍ സിംഗ് പറഞ്ഞു.
മണാലിയിലേക്ക് റോഡ് മാര്‍ഗം പോയ തന്റെ സുഹൃത്തുക്കളായ രാകേഷും കുനാലും അവിടെ രണ്ട് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായതായി അറസ്റ്റിലായ പ്രതി അഭിനവ് വെളിപ്പെടുത്തി. പെണ്‍കുട്ടികള്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ പൂനെയിലേക്ക് പോകാനിരിക്കയായിരുന്നു. ദല്‍ഹിയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടുന്നത് എങ്ങനെയെങ്കിലും വൈകിപ്പിക്കാനുള്ള പദ്ധതി കണ്ടെത്താന്‍ സുഹൃത്തുക്കള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് അഭിനവ് പോലീസിനോട് പറഞ്ഞു.
വിമാനം റദ്ദാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സിന്റെ കോള്‍ സെന്ററിലേക്ക് വിളിക്കാനാണ് മൂന്നു പേരും ചേര്‍ന്ന് പദ്ധതി തയാറാക്കിയത്. കുനാലും രാകേഷും ഇപ്പോള്‍ ഒളിവിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)