ലണ്ടൻ / കോട്ടയം - ഇംഗ്ലണ്ടിൽ മലയാളി ഭർത്താവിനാൽ ഒരുമാസം മുമ്പ് കൊല്ലപ്പെട്ട കോട്ടയം സ്വദേശിനിയായ നേഴ്‌സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്കുള്ള വഴിയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ഡിസംബർ 14-നാണ് നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിലെ വസതിയിൽ നേഴ്‌സായ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും ഭർത്താവ് കണ്ണൂർ ഇരിട്ടി സ്വദേശി സാജു കൊലപ്പെടുത്തിയത്. ഹോസ്പിറ്റലിൽ ജോലിക്ക് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും മറ്റും നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും ചോരയിൽ കുളിച്ച് വീട്ടിൽ കണ്ടെത്തിയത്. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനകളിൽ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കുകയുണ്ടായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇത് ശരിവെക്കുന്നതാണ്. മൃതദേഹത്തിൽ വരഞ്ഞ് മുറിവുകളുണ്ടാക്കിയതായും കണ്ടെത്തി. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2012-ലായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യം ഇവർ സൗദിയിലായിരുന്നു. ശേഷമാണ് യു.കെയിലേക്ക് പോയത്. യു.കെയിൽ സർക്കാർ നേഴ്‌സായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ ലണ്ടനിൽ എത്തിയത്. പ്രദേശത്തെ മലയാളികൾ ചേർന്നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വന്ന 28 ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്. ക്രിമിനലായ സാജുവിന് പരമാവധി ശിക്ഷ നല്കണമെന്ന് അഞ്ജുവിന്റെ പിതാവും കുടുംബാംഗങ്ങളും പ്രതികരിച്ചു.