Sorry, you need to enable JavaScript to visit this website.

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു; അതീവ ദു:ഖകരമെന്ന് രാഹുൽഗാന്ധി

- ജലന്ധർ എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്
ന്യൂഡൽഹി
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബിലെ ജലന്ധർ എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. 
 രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഫാഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 വാർത്ത അറിഞ്ഞയുടൻ യാത്രനിർത്തിവെച്ച് രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി. അതീവ ദു:ഖകരമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.പിയുടെ നിര്യാണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെ വിവിധ നേതാക്കൾ അഗാധമായ ദു:ഖം രേഖപ്പെടുത്തി.

കെ കരുണാകരന്റെ സ്മരണയിലും തരൂരിനെ കുത്തി കോൺഗ്രസ് നേതാക്കൾ; സതീശനും സുധാകരനും മൗനം

- കോട്ട് തയ്പ്പിച്ചവർ ഊരിവയ്ക്കണമെന്ന് ചെന്നിത്തല, ചില അട്ടിമറി ശ്രമങ്ങൾ നടക്കുന്നുവെന്ന് കെ.സി വേണുഗോപാൽ, ആഗ്രഹിച്ചാലും പുറത്തു പറയരുതെന്ന് എം.എം ഹസൻ

തിരവനന്തപുരം - മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടന ചടങ്ങിലും ശശി തരൂരിനെ കുത്തി കോൺഗ്രസ് നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പരോക്ഷ വിമർശത്തോടെ തുടങ്ങിയ തരൂർ കുത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പൂർണ മൗനം പാലിച്ചപ്പോൾ പ്രതിപക്ഷ മുൻ നേതാവ് രമേശ് ചെന്നിത്തല അവസരം നന്നായി മുതലെടുത്തു.
 മാധ്യമങ്ങളുടെ ചോദ്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തോടുള്ള ശശി തരൂരിന്റെ മോഹമാണ് കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ചൊടിപ്പിച്ചത്. പറയാനുള്ളത് പാർട്ടിയിൽ പറയണമെന്ന് കെ.സി വേണുഗോപാലും കോട്ട് തയ്പ്പിച്ച് വച്ചവർ ഊരി വയ്ക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടപ്പോൾ ആഗ്രഹിക്കാം, പക്ഷേ തുറന്നുപറഞ്ഞ് നടക്കരുതെന്നായിരുന്നു യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ ഉപദേശം. തരൂരിന്റെ പേര് പറയാതെയായിരുന്നു മൂന്ന് പേരുടെയും ഒളിയമ്പ്.
 കോൺഗ്രസിനും യു.ഡി.എഫിനും ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നു പറഞ്ഞായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രസംഗം. സി.പി.എം ജീർണാവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ തോൽവിയിൽനിന്ന് കോൺഗ്രസ് കരകയറാനുള്ള സാധ്യത നിലനില്ക്കുമ്പോൾ, ചില അട്ടിമറി ശ്രമങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു കെ.സിയുടെ ഗവേഷണം.
 ഇക്കാര്യത്തിൽ ഓരോ കോൺഗ്രസുകാരനും ജാഗ്രത പുലർത്തണം. എന്തു പറയാനുണ്ടെങ്കിലും പാർട്ടിയിൽ ചർച്ച ചെയ്യണം. മറ്റു പാർട്ടികളെ പോലെയല്ല കോൺഗ്രസ്. എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി കാണിച്ചുകൊടുത്തവരാണ് നമ്മൾ. എന്ത് കാര്യവും നമുക്ക് ചർച്ച ചെയ്യാം. അത് പാർട്ടിക്കുള്ളിലാകണമെന്ന് വേണുഗോപാൽ പറഞ്ഞു.
 ഇതിനു പിന്നാലെ മുഖ്യമന്ത്രി കുപ്പായത്തിന്റെ കാര്യം പറഞ്ഞ് രമേശ് ചെന്നിത്തല പരിഹാസം കൊഴുപ്പിച്ചു. നാലുവർഷം കഴിഞ്ഞ് ഞാൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ടതില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഒളിയമ്പ്. കേരളത്തിലും ഇന്ത്യയിലും എന്താകും സ്ഥിതിയെന്ന് ആർക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ കോട്ട് ഊരിവെച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 ലോക്‌സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പിയും ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പ് ജയിച്ചില്ലങ്കിൽ പിന്നെ ഒന്നും ചിന്തിക്കേണ്ടി വരില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ തരൂരിനെ നോവിക്കാനോ പരോക്ഷ വിമർശത്തിനോ തയ്യാറായിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരീഖ് അൻവ്വർ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ തരൂരിനെ ലക്ഷ്യമാക്കിയുള്ള പരാമർശങ്ങൾ.
 

Latest News