ദുബൈ - വിരമിക്കൽ സൂചന നൽകി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. വരുന്ന ഓസ്‌ട്രേലിയൺ ഓപ്പണിന് ശേഷമുള്ള ദുബൈ ഓപ്പണോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന സൂചനയാണ് താരം നൽകുന്നത്. ഈമാസം 16ന് ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് സാനിയയുടെ പ്രതികരണം.
അത്യുജ്വലമായ തന്റെ കരിയറിനെക്കുറിച്ച് ഹൃദയാർദ്രമായ കുറിപ്പാണ് അവർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ വച്ച് ആറാം വയസിൽ തുടങ്ങിയ ടെന്നീസ് ജീവിതത്തിന് തിരശീല വീഴുകയാണെന്ന ധ്വനിയും കുറിപ്പിലുണ്ട്.
'ആറാം വയസിൽ തുടങ്ങിയ പോരാട്ടം അവസാനഘട്ടത്തിൽ എത്തി നിൽക്കവെ കണ്ണുകൾ നിറയുകയാണ്. ജീവിതം മുന്നോട്ട് പോവുക തന്നെ വേണം. ഇത് ഒന്നിന്റെയും അവസാനമായി കാണുന്നില്ല. ഇനിയുമേറെ വ്യത്യസ്തമായ ഓർമ്മകൾ കെട്ടിപ്പടുക്കാനുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക തന്നെ വേണം. പുതിയ ലക്ഷ്യങ്ങൾ സജ്ജമാക്കണം. കുഞ്ഞിന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നൽകാൻ കഴിഞ്ഞതിൽ കൂടുതൽ സമയം ഇനി നൽകണം. ഇത് പുതിയ തുടക്കങ്ങളാണ്.. ഈ മത്സരവും ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു. സ്‌നേഹം.'- സാനിയ ട്വിറ്ററിൽ കുറിച്ചു.
രണ്ട് പതിറ്റാണ്ടോളം നീണ്ട സാനിയയുടെ കരിയറിൽ ആറ് ഗ്രാൻസ്ലാം കിരീടമാണ് താരം നേടിയത്. വിരമിക്കൽ സൂചന യാഥാർത്ഥ്യമാവുകയാണെങ്കിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൺ ഓപ്പണാകും സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റ്. കരിയറിൽ തനിക്ക് സകല പിന്തുണയും നൽകിയ ടീമിനും കുടുംബത്തിനും നന്ദിയുണ്ടെന്നും സാനിയ വ്യക്തമാക്കി.