- തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ? വെള്ളാപ്പള്ളി
ആലപ്പുഴ - എൻ.എസ്.എസ് പിന്തുണച്ചതോടെ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാവി തീർന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ശശി തരൂർ എം.പി ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനുമെന്ന് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ മന്നം ജയന്തി ഉദ്ഘാടന സദസ്സിൽ പറഞ്ഞിരുന്നു. മന്നം ജയന്തി ഉദ്ഘാടനത്തിന് തരൂരിനെക്കാൾ യോഗ്യനായി മറ്റാരെയും കാണാനില്ല. നേരത്തേ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോൾ തരൂരിനെ ഡൽഹി നായരെന്ന് വിളിച്ച തെറ്റ് തിരുത്താനാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് അദ്ദേഹത്തെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ പുതിയ തരംഗങ്ങളുണ്ടാക്കിയ ശശി തരൂർ, കുറേ പള്ളിക്കരെയും സമുദായ നേതാക്കളെയുമൊക്കെ കണ്ടിട്ടും ഈ പള്ളിക്കാരനെ കാണാത്തതെന്ന സംശയം ചിലർക്കെങ്കിലുമുണ്ടാവുമെന്ന് പറഞ്ഞ് അതിന്റെ കാരണങ്ങൾ വ്യക്തമാക്കി വെള്ളാപ്പള്ളി നേരത്തെ രംഗത്തുവന്നിരുന്നു.
'ഞങ്ങളുടെ റാങ്ക് വളരെ താഴെയാണ്'; തരൂർ കാണാത്തതിന്റെ കാരണം പറഞ്ഞ് വെള്ളാപ്പള്ളി
കോൺഗ്രസിലെ ഗ്രൂപ്പുകളി അപകടമൊന്നുമല്ല, കുഴപ്പമായിട്ടും തോന്നുന്നില്ല. തരൂർ കൂടിക്കാഴ്ച സംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ല. കണ്ടിട്ടും വലിയ കാര്യമില്ലെന്ന് തരൂരിനുമറിയാം. പിന്നെ, കാണുന്ന റാങ്കിലേക്കു വരുമ്പോൾ ഞങ്ങളുടെ റാങ്ക് വളരെ താഴെയാണ്. ആ പള്ളിക്കാരൊക്കെ തന്നെയാണ് റാങ്കിൽ മുമ്പിൽ. ഞാനും ഒരു 'പള്ളി'യാണെങ്കിലും വെള്ളാപ്പള്ളിയാണല്ലോ, അതുകൊണ്ട് വലിയ കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ.
കോഴിക്കോട് - കോൺഗ്രസ് നേതാവ് ശശി തരൂരിനെ വിടാനുള്ള ഭാവത്തിലല്ല, എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുറേ പള്ളിക്കരെയും സമുദായ നേതാക്കളെയുമൊക്കെ കണ്ടിട്ടും തരൂരെന്തേ ഈ പള്ളിക്കാരനെ കാണാത്തതെന്ന സംശയം ചിലർക്കെങ്കിലുമുണ്ടാവും. അതേ, പള്ളിക്കാരെയും വിവിധ സമുദായ നേതാക്കളെയും മറ്റും കണ്ട്, കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ പുതിയ തരംഗങ്ങളുണ്ടാക്കിയ ശശി തരൂർ എം.പി തന്നെ കാണാൻ വരാത്തതിന്റെ കാരണം പറയുകയാണ് വെളളാപ്പള്ളി നടേശൻ. മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
മലബാറിൽ തരൂർ ആദ്യം പോയത് പള്ളികളിലേക്കാണ്. തന്ത്രപരമായ നീക്കമാണത്. താനുമൊരു 'പള്ളി'യാണെങ്കിലും വെറും വെള്ളാപ്പള്ളിയാണ്. തന്നെ കണ്ടിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് തരൂരിനറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.
ശശി തരൂരിന്റെ രാഷ്ട്രീയ ഉദ്ദേശ്യം?
എല്ലാവർക്കും രാഷ്ട്രീയമായി ഉയരാനല്ലേ താൽപര്യം. പഞ്ചായത്ത് മെമ്പറായി നിൽക്കാനല്ല, എം.എൽ.എയാകണം, എം.പിയാകണം, മന്ത്രിയാകണം ഇതാണ് എല്ലാവരുടെയും ലക്ഷ്യം. തരൂരും രാഷ്ട്രീയത്തിൽ ഉയർച്ചക്കായി തന്നെയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇപ്പോൾ നടത്തുന്ന നീക്കങ്ങളും അതിന്റെ ഭാഗമാണ്. ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനുള്ള സ്വപ്നം നടപ്പാക്കാനുള്ള ശ്രമമാണ് തരൂർ തുടരുന്നത്.
തരൂരിന്റേത് വിമത പ്രവർത്തനമെന്നാണ് സംസ്ഥാന നേതാക്കളുടെ പറച്ചിൽ...
ഞാനില്ലെങ്കിൽ പ്രളയം എന്ന് കരുതുന്ന ഒരുപാട് പേരുണ്ട് ഇവിടെ. കോൺഗ്രസിൽ വർഷങ്ങളായി വിമതപ്രവർത്തനമല്ലേ ഉള്ളൂ. ഒന്നും രണ്ടും ഗ്രൂപ്പല്ലല്ലോ. പക്ഷങ്ങളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ്മയാണല്ലോ ഇന്നത്തെ കോൺഗ്രസ്. കാര്യം വരുമ്പോൾ എല്ലാവരും ഒന്നാകും. ഗ്രൂപ്പുകളി അപകടമൊന്നുമല്ല. കുഴപ്പമായിട്ടും എനിയ്ക്ക് തോന്നുന്നില്ല.
തരൂർ-വെള്ളാപ്പള്ളി കൂടിക്കാഴ്ച?
ഒരറിയിപ്പും കിട്ടിയിട്ടില്ല. ആദ്യം പോയത് മുസ്ലിം ലീഗിനടുത്തേക്കല്ലേ. ഈഴവർ എന്നു പറഞ്ഞാൽ മഹാഭൂരിപക്ഷം ഇടതുപക്ഷത്താണെന്നറിയാം. അതുകൊണ്ട് എന്നെ കണ്ടാൽ വലിയ പ്രയോജനമില്ലെന്ന് തരൂരിനറിയാം. പിന്നെ കാണുന്ന റാങ്കിലേക്കു വരുമ്പോൾ ഞങ്ങളുടെ റാങ്ക് വളരെ താഴെയാണ്. ആ പള്ളിക്കാരൊക്കെ തന്നെയാണ് റാങ്കിൽ മുമ്പിൽ. ഞാനും ഒരു 'പള്ളി'യാണെങ്കിലും വെള്ളാപ്പള്ളിയാണല്ലോ, അതുകൊണ്ട് വലിയ കാര്യമില്ല.
തരൂരെത്തിയാൽ പിന്തുണയ്ക്കുമോ?
എന്നെ കാണാൻ വന്നാൽ നമുക്കങ്ങനെ പിന്തുണ പ്രഖ്യാപിക്കാനൊന്നും പറ്റില്ല. എസ്.എൻ.ഡി.പി യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരും ഉണ്ട്. പിന്താങ്ങാനോ എതിരായി നിൽക്കാനോ വാലാകാനോ ചൂലാകാനോ പറ്റില്ല. ആരെങ്കിലും വന്നാൽ സൗഹൃദം, സംഭാഷണം അതിനപ്പുറം പറ്റിയാൽ ഒരു ചായയും കൊടുത്തു വിടാമെന്നല്ലാതെ കൂടുതൽ ഒന്നും പറ്റില്ല. മാത്രമല്ല സമുദായം രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാൽ അത് റിവേഴ്‌സ് എഫക്ട് ഉണ്ടാക്കും. കഴിഞ്ഞ തവണ എൻ.എസ്.എസ് പിന്തുണച്ചവരെല്ലാം തോറ്റില്ലേ. ഒരു ഭാഗം പിന്തുണച്ചാൽ മറുഭാഗം തിരിഞ്ഞു കൊത്തും. അത് ഹിന്ദുക്കളിലെ പ്രത്യേകതയാണ്. എന്നാൽ ്രൈകസ്തവ സമുദായത്തിലും മുസ്ലിം വിഭാഗങ്ങളിലും അതില്ല.
തരൂരിന് പിന്നിലെ നേതൃശക്തി
തരൂരിന് എ ഗ്രൂപ്പിന്റെ പിന്തുണയുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയാണെന്നും പറയുന്നുണ്ട്. അത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഉമ്മൻ ചാണ്ടി ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ തരൂരിന് സാധിച്ചെങ്കിൽ അത് വളരെ വലിയ കാര്യമാണ്. ആദർശ രാഷ്ട്രീയമല്ലല്ലോ അടവുനയമല്ലേ ഇന്നുള്ളത്. ഈ കാലഘട്ടത്തിൽ ഉമ്മൻചാണ്ടിയുടെ പിന്തുണക്കാരെ ചേർത്തുനിർത്താൻ തരൂരിന് സാധിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയമാണ്.
തരൂരിന്റെ ഭാവി?
ഭാവി ദൈവം തീരുമാനിക്കും. ഞാൻ കോൺട്രാക്ടറായി നടന്ന ആളാണ്. ഇപ്പോൾ സമുദായത്തിന്റെ ആളായി മാറിയില്ലേ. തരൂർ ബുദ്ധിമാനാണ്. പദവിയിലേക്കുള്ള മത്സരത്തിൽ തോറ്റെങ്കിലും കർമത്തിൽ ജയിച്ചു. തോറ്റ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പ്രശസ്തനായി മാറിയില്ലേ. എല്ലാം ഒരു ചൂതുകളിയാണ്. ആനയെത്തള്ളി, കുതിരയെത്തള്ളി, ജയിക്കും, ഇവരെല്ലാം ജയിക്കും, ഒടുവിൽ ജനം തോൽക്കും. വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി.